പ്രകൃതി വരച്ച ചിത്രങ്ങൾ


〡മുഹമ്മദ് തശ്‌രീഫ്‌ പന്തല്ലൂർ〡

പുറത്ത് ഛിൽ-ഛിൽ ശബ്ദമുണ്ടാക്കി പെയ്യുന്ന മഴയെ ഒരു നോക്ക് കാണാൻ വേണ്ടി പുതപ്പ് വലിച്ചിട്ട് ബാൽക്കെണിയിലെ ചാരുകസേരയിൽ നിശ്ചലനായി ഇരുന്നു. രാവിലെ പെയ്ത മഴയും തഴുകിത്തലോടി വന്ന മന്ദമാരുതനും ദേഹമൊന്നാകെ കുളിരണിയിച്ചു. രണ്ട് മണിക്കൂർ നീണ്ടുനിന്ന മഴയുടെ വിരാമമറിഞ്ഞ പലരും അവനവന്റെ ജോലിയിലേക്ക് തിരിഞ്ഞു. വീട്ടുവരാന്തയിലെ ചാരുകസേരയിലിരുന്ന് അടുത്തുള്ള ചെമ്മൺപാതയിലേക്ക് നോക്കുമ്പോൾ ചിലർ കൈക്കോട്ടും പിക്കാസുമെടുത്ത് പാടത്ത് പണിയെടുക്കാൻ പോകുന്നു. മറ്റുചിലർ കോട്ടും സ്യൂട്ടുമിട്ട് ഗമയോടെ തന്റേതായ ആപ്പീസിലേക്ക് പോകുന്നു.

ഒരു പണിയുമില്ലാത്തവനായി ഞാൻ ചാരുകസേരയിൽ തന്നെ ഇടംപിടിച്ചു. പ്രഭാതമഴയിൽ തണുത്തുറച്ച എന്റെ ദേഹം ചൂടണിയിക്കാൻ ഞാൻ കടുപ്പത്തിലൊരു കട്ടൻകാപ്പി ഒറ്റയടിക്ക് കുടിച്ചുതീർത്തു. ബാൽക്കെണിയിൽ നിന്ന് ഒാരോ കോണിപ്പടികളുമിറങ്ങി തോട്ടത്തിലേക്ക് മെല്ലെ നടന്നു. പ്രഭാതമഴയിൽ ഉറ്റിവീണ ചില സ്ഫടികത്തുള്ളികൾ തോട്ടത്തിലെ ഒാരോ ഇഞ്ചിപ്പുല്ലിലും പറ്റിപ്പിടിച്ച് നിന്നു. തോട്ടത്തിൽ അങ്ങിങ്ങുമായി പരന്നുകിടന്ന മണ്ണിനെ സ്വന്തം കൈകൊണ്ട് വാരിയെടുക്കാൻ കുനിയുമ്പോഴാണ് അടുക്കള വരാന്തയിൽ നിന്ന് ഭാര്യയുടെ ഒരു വിളി "അല്ല, ഇങ്ങള്പ്പൊ കയ്യോണ്ടൊക്കെ മണ്ണെടുക്ക്വോ? മണ്ണ് വൃത്തികേടല്ലേ" ഇൗ രണ്ട് വാക്ക് കേട്ടപ്പോഴേക്കും എന്റെ ഹൃദയത്തിൽ ഒരു മുള്ള് തറച്ചതുപോലെത്തോന്നി. തന്റെ സ്വന്തം മകനെപ്പോലെ പോറ്റിവളർത്തുന്ന പ്രകൃതിയെന്ന മാതാവിന്റെ അരുമ മകനായ മണ്ണിനെ സ്വന്തം ഭാര്യ ഇങ്ങനെ പറയുമ്പോൾ ഹൃദയത്തിൽ മുള്ള് തറക്കാതിരിക്ക്വോ?. ഭാര്യയുടെ ചോദ്യത്തിന് മറുപടിയൊന്നും കൊടുക്കാതെ ഞാനെന്റെ ജോലി കൃത്യമായി ചെയ്തുതീർത്തു.

ഉച്ചഭക്ഷണം കഴിച്ച് കഴിയുമ്പോഴേക്കും ഡൈനിംഗ് ടേബിളിൽ ദേവയും കൃഷ്ണയും വന്ന് കലപില കൂട്ടാൻ തുടങ്ങി. ഞാനവരുടെ സംഭാഷണം ശ്രദ്ധിക്കാതെ ഭക്ഷണം കഴിച്ച് കൈ കഴുകാൻ വാഷ് ബേസിനടുത്തെത്തുമ്പോഴാണ് ഭാര്യ മക്കളുടെ മുമ്പിലേക്ക് രാവിലത്തെ സംഭവം നിരത്തിവെച്ചത്. കൈ കഴുകാൻ സമ്മതിക്കാതെ അവർ എന്നെ പിന്തുടർന്നുകൊണ്ട് പറഞ്ഞു: അഛാ, മണ്ണ് അഴുക്കല്ലേ? നാളെ ങ്ങക്ക് എന്തെങ്കിലും രോഗമുണ്ടാകൂലെ?. ഇതൊന്നും ശ്രദ്ധിക്കാതെ ഞാൻ വാഷ്ബേസിൽ നിന്ന് കൈ കഴുകി അടുത്തുള്ള അയലിൽ തൂക്കിയിട്ട ടർക്കിയെടുത്ത് മുഖം വൃത്തിയാക്കി ബാൽക്കെണിയിലെ ചാരുകസേരയിൽ ഇരുന്ന് ഇൗയൊരു പ്രകൃതിയെയും അതിലടങ്ങിയ മൺതരികളെയും പൂത്തുനിൽക്കുന്ന പുഷ്പങ്ങളെയും വളർന്ന് പന്തലിച്ച് നിൽക്കുന്ന പടുവൃക്ഷങ്ങളെയും കുറിച്ച് ചിന്തിച്ചുകൊണ്ടേയിരുന്നു. ചിന്തകൾക്ക് വിരാമമില്ലാത്തവനായി ആ ചാരുകസേരയിലിരുന്ന് തന്നെ എന്റെ ഉറക്കവും ഞാൻ കഴിച്ചു.
പ്രകൃതിയുടെ സന്ധ്യാ സൗന്ദര്യം ആസ്വദിക്കുന്നതിനായി അടുത്തുള്ള പുഴവക്കത്ത് പോയി തോണിക്കാരൻ മമ്മദ് കാക്കാക്ക് കൂടെ കുറച്ചുനേരം ഇൗ പച്ചപ്പിനെ പറ്റി സംസാരിച്ചപ്പോൾ മനസ്സിന് വല്ലാത്ത കുളിർമ അനുഭവപ്പെട്ടു. പ്രകൃതിയെക്കുറിച്ചുള്ള സംഭാഷണത്തിന് അവസാനമില്ലെന്ന് മനസ്സിലാക്കിയ ഞാൻ കൈത്തണ്ടയിൽ കെട്ടിയ മരതകം പോലെ വെട്ടിത്തിളങ്ങുന്ന റോളക്സ് വാച്ചിലേക്ക് നോക്കിയപ്പോൾ സമയം രാത്രി എട്ട് മണിയും കഴിഞ്ഞിട്ടുണ്ട്. പുഴക്കടവത്തുള്ള ഉണ്ണിയേട്ടന്റെ ചായക്കടയിൽ നിന്ന് മമ്മദ് കാക്കാക്ക് ഒരു ചൂട് കട്ടനും ബോണ്ടയും, ബീഡി വലിച്ച് കറുത്ത് കരിവാളിച്ച ചുണ്ടിൽ വെക്കാൻ ഒരു ദിനേശ് ബീഡിയും വാങ്ങിക്കൊടുത്ത് ഞാൻ വീട്ടിലേക്ക് മെല്ലെ നടന്നകന്നു.

ലൈറ്റ് ഒാൺ ചെയ്യാതെ ഞാനെന്റെ റൂമിൽ ഏകാന്തനായി നിദ്രയിലാണ്ടു. പ്രഭാത മന്ദമാരുതൻ എന്നെ ഒന്ന് തഴുകിത്തലോടിയപ്പോൾ അടുത്തുള്ള ജാലകത്തിലേക്ക് പതിയെ ഒന്ന് നോക്കിയപ്പോൾ കണ്ടത് വിസ്മയ കാഴ്ച്ച തന്നെയായിരുന്നു. ജാലകപ്പാളിയിൽ പാൽക്കുടം മറിഞ്ഞതുപോലെ ഒാരോ മഞ്ഞുതുള്ളികളും അവരുടേതായ ഇഷ്ടചിത്രങ്ങൾ വരച്ചിട്ടിരിക്കുന്നു. ഇന്നലെ പെയ്ത മഴയെക്കാൾ സൗന്ദര്യമൂറുന്നത് ഇന്നാണെന്ന എന്റെ ഭാവനക്ക് ഒരിക്കലും എന്നെ തോൽപ്പിക്കാൻ കഴിയില്ല. അടുത്തുള്ള തോട്ടത്തിൽ പ്രഭാതത്തിൽതന്നെ പോയപ്പോൾ നൂലുകൾ പോലെ നേർത്ത് ഒാരോ പുഷ്പത്തിലും നിറഞ്ഞുനിൽക്കുന്ന ഹിമകണങ്ങൾ വെണ്ണകൾ ചിത്രം വരച്ചതുപോലെ വീടിന്റെ ഒാരോ ജാലകപ്പാളികളിലും വരച്ചുതീർത്തു. പ്രകൃതിയുടെ സൗന്ദര്യമൊന്നും കാണാൻ നടിക്കാതെ ഭാര്യയും മക്കളും സുഖമായി ഉറങ്ങുകയാണ്.

തോട്ടത്തിൽ നേർത്ത് പെയ്യുന്ന മഞ്ഞുതുള്ളികളിലൊന്ന് എന്റെ മുഖത്തുവന്ന് പതിച്ചപ്പോൾ എന്റെ ശരീരം ഒന്നാകെ തണുത്തുവിറച്ചു. മരംകോച്ചും തണുപ്പുള്ള ആ രാവിൽപോലും കൃത്യമായി പക്ഷികളും മൃഗങ്ങളും സസ്യങ്ങളും തങ്ങളുടെ ജോലിയിൽതന്നെ കഴിച്ചുകൂട്ടി. എന്നാൽ ഇതൊന്നുമറിയാതെ മനുഷ്യർ അവരുടെ നിദ്ര തുടർന്നേയിരുന്നു. പ്രകൃതി തന്റെ സൗന്ദര്യം ജാലകപ്പാളിയിൽ ചിത്രമാക്കിയത് കാണാത്തവൻ പ്രകൃതിസൗന്ദര്യം ആസ്വദിച്ചിട്ടില്ലെന്ന് എന്നോടാരോ പറഞ്ഞതായി ഒാർക്കുന്നു.

ഹിമകണങ്ങളുടെ ചുവർചിത്രങ്ങൾ കണ്ട് തോട്ടത്തിലെ മണ്ണ് ഇളക്കിയും മറിച്ചും ഒരു പനിനീർചെടി തോട്ടത്തിന്റെ അറ്റത്ത് നട്ടുവളർത്തി. എല്ലാ ദിവസവും ചെടിക്ക് വെള്ളമൊഴിക്കാൻ ഞാൻ മാത്രമേയുള്ളൂ എന്ന എന്റെ നിരാശ ആരും കാണാനില്ല. ചെടി വളർന്ന് തളിർത്ത് സുഗന്ധം പരത്തുന്ന ഒരു പനിനീർ പുഷ്പത്തിനായി ബാൽക്കെണിയിലെ ചാരുകസേരയിൽ ഞാൻ കാത്തിരിപ്പ് തുടർന്നു. തോട്ടത്തിൽനിന്നും ഉറ്റിവീണ മഞ്ഞുതുള്ളികൾ ഒരു നൂലിഴയുംപോലെ എന്റെ ദേഹത്ത് ഇഴഞ്ഞിരുന്നു.

No comments

Theme images by mammuth. Powered by Blogger.