അജ്ഞാതന്‍


〡ഫര്‍സീന്‍ വി.പി നെല്ലിക്കുത്ത്〡

ശാന്തമായ സമുദ്രത്തില്‍ അലകള്‍ക്കൊപ്പം ചലിക്കുന്ന ഒരു ഭീമന്‍ കപ്പല്‍. സംസാരത്തില്‍ മുഴുകിയ കപ്പല്‍ യാത്രികര്‍ക്കിടയില്‍ നായകനും നായികയും അല്‍പ്പം അകന്ന് കപ്പലിന്റെ തുറന്നഭാഗത്ത് സല്ലപിക്കുന്നു. കടലിനെക്കുറിച്ചും അതിന്റെ ഓരത്തെക്കുറിച്ചും അവരുടെ സംസാരം നീളുന്നു. കടല്‍ക്കാറ്റും തിരമാലകളുടെ കൊഞ്ചലും നന്നായി ആസ്വദിക്കുന്നു. കോച്ചുന്ന തണുപ്പിലും അതവരറിയാതെ പോകുന്നു. യാദൃശ്ചികമായി കുറച്ചകലെ മറ്റൊരു കപ്പല്‍ കാണുന്നു. ശത്രുക്കളാണെന്നറിഞ്ഞപാടെ നായകന്‍ അലാറം മുഴക്കി സഹയാത്രികരെ കാര്യമറിയിച്ച് പോരാട്ടത്തിനൊരുങ്ങുന്നു. ശത്രുപക്ഷത്തെ കപ്പല്‍ അടുത്തെത്തുന്നതോടെ സര്‍വ്വസന്നാഹങ്ങളുമായി നായകനും കൂട്ടരും തയ്യാറെടുപ്പ് നടത്തുന്നു. നായികയെ സുരക്ഷിതസ്ഥാനത്തെത്തിച്ച് വായ് ഭാഗത്തുവന്ന് നിര്‍ദേശങ്ങള്‍ നല്‍കുന്നു. യുദ്ധം നടക്കുന്നു. നായകന്റെ വിരഹം പേടിച്ച് നായികയും യുദ്ധസ്ഥാനത്തെത്തുന്നു. കപ്പലില്‍ കടന്നുകയറിയ ശത്രുക്കള്‍ നായികയെ പിടിച്ചുവെക്കുന്നു. നായകന്‍ വാള് വലിച്ചൂരി വീശുന്നു. ഇത്രയൊക്കെ ആയപ്പോഴേക്കും വീട്ടിലെ കരന്റ് കട്ടായി പഴയ ടിവി ഓഫായി. അതുവരെ കണ്ണിമ വെട്ടാതെ കണ്ടിരുന്ന സിനിമ പാതിയില്‍ മുറിഞ്ഞതിന് അയാള്‍ നന്നായി ദുഃഖിച്ചു. പഴയ ചാരുകസേരയില്‍ ഒന്നുകൂടി ചാരിയിരുത്തം സുഖമാക്കിയ ശേഷം അയാള്‍ കണ്ണടച്ചുകിടന്നു. കെ.എസ്.ഇ.ബി വര്‍ക്കര്‍ രാഘവനെ മനസ്സില്‍ ആയിരംവട്ടം ശപിച്ചു. രാഘവന്‍ പാവമാണ്. ഈ നാട്ടിലെ സര്‍വ്വരും രാഘവനെ ശപിക്കാതെ പോയിട്ടില്ല. ഒരു ആചാരം എന്നനിലക്ക് കരന്റ് കട്ടാകുമ്പോള്‍ പല്ലുകടിച്ച് രാഘവനെ ശപിക്കുന്നതാണ് ഈ നാട്ടിലെ പതിവ്.

ദീര്‍ഘനേരത്തെ ശാപമുറകള്‍ക്കുശേഷം അയാള്‍ അതുവരെ അക്ഷമയോടെ കാത്തിരുന്ന, ചില്ലുക്ലാസില്‍ മുഖം കുത്തിച്ച് തിരുകിവെച്ച് സിഗരറ്റ് ധൃതിയില്‍ എടുത്ത് അരയില്‍ തിരുകിവെച്ച് ലൈറ്ററെടുത്ത് തിടുക്കത്തില്‍ കത്തിച്ചു. പുക ആഞ്ഞുവലിച്ച് തുടരെ വായിലൂടെയും മൂക്കിലൂടെയും പുറത്തുവിട്ടു. പുകച്ചുരുളുകള്‍ പലജാതി രൂപങ്ങള്‍ സ്വീകരിച്ച് അന്തരീക്ഷത്തില്‍ അവതരിച്ചു. വായുവില്‍ അലിഞ്ഞുചേരുന്നതോടെ വീണ്ടും അടുത്ത പുകച്ചുരുളുകള്‍ തുടര്‍ന്നുവരുന്നു. ഇടക്ക് വലിയശ്വാസത്തില്‍ കുരക്കുന്നു. കണ്ടുമടുത്ത പഴയ ആംഗലേയ ചലചിത്രങ്ങള്‍ വീണ്ടും കണ്ടുരസിക്കുന്ന പതിവാണയാള്‍ക്ക്. എന്തോ ഒരു അജ്ഞതയും മറ്റെന്തോ സ്വകാര്യതയുമാണ് തക്കതായ അവസരങ്ങളില്‍ 'അയാള്‍' എന്ന് വിശേഷിപ്പിക്കാന്‍ എന്നെ പ്രേരകമാക്കിയത്. പടങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ അയാള്‍ക്ക് ഒരുപാട് മാറ്റങ്ങളുമുണ്ടായി. കാലങ്ങളായി നിര്‍ത്തിവെച്ച വെള്ളമടി പതിയെ തുടര്‍ത്തിക്കൊണ്ടുപോകാനുള്ള മുഖ്യഹേതു ഇംഗ്ലീഷ് സിനിമതന്നെയായി. പഴയ ഇംഗ്ലീഷ് ലൗ സ്റ്റോറികളും ആവര്‍ത്തിച്ച് വായിക്കുന്ന പതിവുണ്ട്. അയാളുടെ അമ്മ ജാനകിയാണ്, ജാനകിയുടെ മകന്‍ പപ്പുവിന് അയാള്‍ അച്ചനും. നിഗൂഢതകള്‍ നിറഞ്ഞതാണെങ്കിലും തലതിരിഞ്ഞ ഇത്തരം കാര്യങ്ങളില്‍ തലപുകക്കാന്‍ അയാള്‍ തയ്യാറായില്ല. അയാള്‍ക്ക് താന്‍തന്നെ ഒരു അജ്ഞനായിരുന്നു. തന്റെ വീടോ നാടോ സ്വന്തം പേരുപോലും അറിയാത്ത അയാള്‍ തനിക്ക് താല്‍ക്കാലികമായി ചന്ദ്രശേഖരന്‍ എന്നൊരു പേരും നല്‍കി.
'ജാനകീ ചോറുണ്ണാനായോടീ'
അമ്മയാണേലും 'എടീ' എന്ന് ശേഖരന്‍ വിളിച്ചുപോന്നു.
'അപ്പൊ ശാന്ത പറഞ്ഞത് കേട്ടിരുന്നില്ലെ'
'ശരിയാണ്. സിനിമാ ആസ്വാദനകള്‍ക്കിടയില്‍ അങ്ങേലെ ശാന്ത വാനിറച്ച് എന്തോ പറഞ്ഞിരുന്നു. താന്‍ കേള്‍ക്കാതെ പോയതാണ്'
'അല്ല എന്നാ പറഞ്ഞതേടീ'
'നാളെ ഹര്‍ത്താലാണെന്നാ പറഞ്ഞുകേട്ടത്'
'ഇന്നിപ്പൊ മൂന്നാം ദിവസമാ ഹര്‍ത്താല്, കഷ്ടം തന്നെ'
അന്ന് ജാനകി പുറത്തിറങ്ങിയില്ല. ചെമ്പ് വെച്ചില്ല. തീപ്പെട്ടി ഉരസിയില്ല. ഒന്നും പാചകം ചെയ്തില്ല. എങ്ങാനും സമരാനുകൂലികള്‍ സര്‍വ്വതും അടിച്ചുതകര്‍ത്താലൊ എന്ന ഭയം ശേഖരനെ പിന്നീട് സിഗരറ്റ് വരെ വലിക്കാന്‍ വിസമ്മതിച്ചുകാണും. അന്നേരം രാഘവന്‍ കരന്റ് സപ്ലൈക്കുള്ള കംപ്ലെയ്ന്റ് ശരിപ്പെടുത്താന്‍ പോയതുമില്ല. തെരുവോരങ്ങളും പട്ടണവും തീര്‍ത്തും നിശ്ചലം. എന്നാലും മണ്ണുതേച്ച് മിനുക്കിയ പാര്‍ട്ടി ഓഫീസില്‍ ചെറിയതരത്തില്‍ ആളനക്കങ്ങള്‍ തുടര്‍ന്നു. സഖാവ് ശ്രീധരന്‍ കാര്യമായെന്തോ പറയുകയാണെന്ന സത്യം ദൂരെ നിന്നുതന്നെ ഗ്രഹിച്ചെടുക്കാനുള്ളൂ. പട്ടണത്തിന്റെ ചവറുകൊട്ടയാണ് അലാമിത്തെരുവ്. സര്‍വ്വ ചവറും പാട്‌സും എല്ലാം ഇവിടെ കൊണ്ടുവന്നുതട്ടാനുള്ള അനുമതി സര്‍ക്കാര്‍ വക മുനിസിപ്പാലിറ്റിക്ക് ലഭിച്ചിട്ടുണ്ട്. അവിടെ മൂന്നാമത്തെ വളവ് കഴിഞ്ഞ് മുന്നോട്ടുപോയി വലത്തോട്ട് തിരിഞ്ഞാല്‍ പന്ത്രണ്ടാമത്തെ വീടാണ് ജാനകിയുടേത്, അയാളുടേതും. എന്നാലും അലാമി സുന്ദരമാണ്. മലകളുണ്ട്, തെങ്ങിന്‍ തോപ്പുകളുണ്ട്, പാതിരാത്രിക്ക് അടക്ക കക്കുന്ന ആവലുകളുണ്ട്, തേങ്ങ കരണ്ടുതിന്നുന്ന മൂഷികന്മാരേറെയുണ്ട്. വിശാലമായ പാടങ്ങളുണ്ട്. മകരക്കൊയ്ത്ത് കഴിഞ്ഞാല്‍ പിന്നെ പാടങ്ങള്‍ക്ക് നീണ്ട വിശ്രമമാണ്. കൊയ്ത്ത് അലാമി നിവാസികള്‍ക്ക് ഉത്സവമാണ്. കുട്ടികളും തന്തകളും ഒപ്പം നൃത്തം ചവിട്ടി വിളവെടുക്കുന്ന സൗകുമാരികത അലാമിയുടെ മാത്രം സവിശേഷതയാണ്. ഇതിലൂടെയാണ് അക്കരെയുള്ള സ്‌കൂളിലേക്കുള്ള പാതയും. വിദ്യാര്‍ത്ഥികള്‍ നിരയായി പോകുന്ന കാഴ്ച്ചയും കാണേണ്ടതാണ്. ഇടക്ക് ജാനകിയും മകനെയും കൂട്ടി അയാളും ഇതിലൂടെ വരാറുണ്ട്. മാനം നോക്കി സ്വപ്‌നങ്ങള്‍ പങ്കുവെച്ച് മകനെ ആവോളം കളിപ്പിച്ച ശേഷമേ മടങ്ങാറുള്ളൂ.
ജാനകി മലക്കുപോകുമ്പോള്‍ അയാള്‍ വീട്ടില്‍ തനിച്ചാകും. ഇല്ല, തനിച്ചാവാറില്ല, വല്ല ഇംഗ്ലീഷ് പടങ്ങളും അയാളുടെ ഏകാന്തതക്ക് കൂട്ടിരിക്കും. ഇല്ലെങ്കില്‍ ഉണ്ടാക്കിവെച്ച ഭക്ഷണം തരി ബാക്കിവെക്കാതെ വിഴുങ്ങും. അല്ലെങ്കില്‍ ദേ, ഈ പാടവരമ്പത്തൂടെ ഒറ്റക്ക് നടക്കും. ഒറ്റക്കെന്ന് പറഞ്ഞാല്‍ ഒറ്റക്ക്തന്നെ. ആരോടും ഒന്നും പറയാറുമില്ല.
വെറുതെയിരിക്കുമ്പോഴൊക്കെ ജാനകിയുടെ പതിവ് ജപമന്ത്രം തന്നെയാണ്. എപ്പോഴും രാമഃനാരായണ, നാരായണ എന്നും പറഞ്ഞ് കണ്ണടച്ചിരിക്കും. തവണപലതും ശേഖരനോടുതന്നെ മലകയറാന്‍ ക്ഷണിച്ചിട്ടും അയാളൊന്നും പറഞ്ഞതേയില്ല. അല്ലെങ്കിലും ശേഖരനതിലൊന്നും വിശ്വാസമില്ലായിരുന്നു. 'മലകേറാണേല്‍ വല്ല പെണ്ണുങ്ങളും കയറണം. ഈ ആണുങ്ങള്‍ക്ക് ഇതൊക്കെ എന്തിന്' ചിലപ്പൊ ആര്‍ക്കും അത്ര പിടിക്കാത്ത വല്ലതും പറയും. 'ഈ യുവതികള്‍ മലകയറുന്നത് ഈ അയ്യപ്പനുമായുള്ള രതിക്കാണോ' തമാശ രൂപേണ ശേഖരന്‍ മൊഴിയും. പക്ഷെ, തന്തകളുടെ സംഗമസ്ഥലമായ തറയിട്ട ആലിന്‍ചുവട്ടിലിരിക്കുന്ന ഒരുത്തനും അത് പിടിച്ചില്ല. പിടിച്ചാലെന്ത് ഇല്ലെങ്കിലെന്ത് എന്ന മട്ടിലായിരുന്നു ശേഖരന്‍. പേരില്‍ ഹിന്ദുവാണേലും ഹിന്ദുത്വ സംസ്‌കാരത്തോട് അയാള്‍ക്ക് നന്നേ വെറുപ്പായിരുന്നു. ജാനകിയുടെ 'രാമായണ' കേട്ടാല്‍ ടിവിയുടെ ശബ്ദം കൂട്ടി അത് വഷളാക്കാനുള്ള വിദഗ്ധ ശ്രമം നടത്തും. മാറാല കെട്ടിയ സ്പീക്കറിലൂടെ ഇംഗ്ലീഷ് അക്ഷരനിര കരകരാന്ന് വരും. അത് കേള്‍ക്കുമ്പോള്‍ ജാനകി ചെവിപൊത്തി കേള്‍ക്കാതെ പോകും. സ്‌കൂളിലെ പാടങ്ങള്‍ വാതുറന്ന് അത്യുച്ചത്തില്‍ നിര്‍ത്താതെ വായിക്കുന്ന കുട്ടി പുരികം ചുളിച്ച് നടുവളഞ്ഞ് ടിവി കാണുന്ന ശേഖരനെ നന്നായി കണ്ണുരുട്ടി നോക്കും.

അന്നൊരു ദിവസം മലക്കുപോകും നേരം നിര്‍ബന്ധം പിടിച്ച് ജാനകി ശേഖരനോട് കൊഞ്ചിപ്പറഞ്ഞു:
'ശേഖരാ നീ വരുന്നോ'
'ഞാനില്ലെന്നേ, അതൊന്നും നമ്മക്ക് പറ്റിയ പണിയല്ല'
'എന്നാലും'
ഇത്രയും പറഞ്ഞ് ജാനകി കണ്ണ് തുടക്കുന്നതുകണ്ട് ശേഖരന്‍ പറഞ്ഞു:
'കരയാതെ അമ്മേ വന്നേക്കാം'
ജാതിയറിയാതെ പോയ ശേഖരന്‍ പോകുന്നേരം വഴിയോരത്തെ പള്ളിമിനാരങ്ങളെ അതിശയോക്തിയോടെ നോക്കിക്കണ്ടു. കുരിശു ചിഹ്നത്തില്‍ കണ്ണുപതിപ്പിച്ച് ക്രൈസ്തവ മന്ത്രങ്ങളെ ശ്രദ്ധയോടെ കേട്ടു. ഇടക്ക് ശേഖരന്‍ പല്ലിളിക്കുന്നത് ജാനകിയുടെ 'നാരായണ' കേട്ടിട്ടാണെന്ന് കൊച്ചിന് പിന്നെയാണ് മനസ്സിലായത്. ഓട്ടോ അലാമിയുടെ ചെമന്നപാതയിലൂടെ കുണ്ടുംകുഴിയും താണ്ടി ഹോസ്പിറ്റല്‍ റോഡിലെത്താന്‍ അരമണിക്കൂര്‍ വേണ്ടിവന്നു. മലയിലെത്തിയപ്പോള്‍ ശേഖരന്‍ അസ്വസ്ഥനായിരുന്നു. മലകയറാന്‍ അയാള്‍ ഒട്ടും തുനിഞ്ഞില്ല. കിണഞ്ഞ് പറഞ്ഞപ്പോള്‍ ശേഖരന്‍ പടികള്‍ കയറി. തലയില്‍വെക്കേണ്ട ഇരുമുടിക്കെട്ട് ത്വക്കില്‍ തിരുകി കാവിലുങ്കി മടക്കിക്കുത്തി അയാള്‍ നിര്‍വികാരനായി കയറിത്തുടങ്ങി. രാമായണങ്ങള്‍ക്കിടയില്‍നിന്ന് ആസ്വാദകരമായ ഒരു ത്രില്ലിംഗ് ഇംഗ്ലീഷ് ഗാനം അന്തരീക്ഷത്തില്‍ അലിഞ്ഞു. പൂജാരികള്‍ മാനംനോക്കി. ജാനകി ശേഖരനെ 'നിറുത്ത്' എന്ന അര്‍ത്ഥത്തില്‍ കനപ്പിച്ച് തോണ്ടി. ശേഖരന്‍ നിറുത്തിയില്ല. തോണ്ടല്‍ തുടര്‍ന്നപ്പോള്‍ ശേഖരന്‍ ജാനകിയെ നോക്കി.
'ഈ ജപത്തിലെന്തിരിക്ക്ണു'
'നോക്ക്യാ ഇനി ജപം ചൊല്ല്യാമതി'
'ജപത്തിനെക്കാള്‍ നല്ലത് ഇംഗ്ലീഷ് പാട്ടുതന്നെ, അയ്യപ്പനെക്കാള്‍ നല്ലത് മെഗാ നടന്മാര്‍ തന്നെ' ശേഖരന്‍ ചിരിക്കാന്‍ ശ്രമിച്ചു. ജാനകി തുടര്‍ന്നൊന്നും പറഞ്ഞിരുന്നില്ല. അമ്മ ദുഃഖിക്കണ്ടാന്ന് കരുതി ശേഖരന്‍ പിന്നെയൊന്നും പാടിയതുമില്ല.
അയ്യപ്പനെ ഭക്തിപൂര്‍ണ്ണതയോടെ നോക്കിക്കണ്ട വിശ്വാസികള്‍ തൊട്ടുവണങ്ങി 'നാരായണ' ചൊല്ലിപ്പോകുന്നത് ശേഖരന്‍ അങ്ങനെത്തന്നെ നോക്കിനിന്നു. തന്റെ ഊഴമെത്തുന്നതോടെ അയാള്‍ പലതും മനസ്സില്‍ കരുതിക്കണ്ടിരുന്നു. അടുത്തെത്തിയപ്പോള്‍ വഴിയില്‍വെച്ച് വലിച്ചുതീര്‍ത്ത സിഗരറ്റിന്റെ ചൊയ ചേര്‍ത്ത വായക്കുള്ളിലെ ഉമിനീര്‍ അംശങ്ങള്‍ സര്‍വ്വതും ചുണ്ടുകള്‍ക്കിടയില്‍ ഒരുമിച്ചുവെച്ച്, മുഖം നോക്കി അയ്യപ്പനെ കാര്‍ക്കിച്ചുതുപ്പി. പിന്നെയും പിന്നെയും തുപ്പി. അയ്യപ്പനുണ്ടോ അനക്കം. സ്തംഭിച്ചുപോയ പൂജാരികള്‍ ശേഖരനെ തടയാന്‍ ചെന്നു. ശേഖരന്‍ സര്‍വ്വ ശക്തിയുമുപയോഗിച്ച് പൂജാരികളെ വകവരുത്തി. വിശ്വാസികള്‍ ബലംപ്രയോഗിച്ച് ശേഖരനെ പിടിച്ചുവെച്ചു. പെട്ടെന്നുണ്ടായ ആഘാതത്തില്‍ ബോധരഹിതനായ ശേഖരന്‍ ജനസാഗരത്തിനിടയില്‍ വീണു.
'അയാള്‍ ഭ്രാന്തനാണ്, എനിക്കറിയാം'
നിശബ്ദമായ അന്തരീക്ഷത്തില്‍ ജാനകി പറഞ്ഞു. ജനം രണ്ടായി പിളര്‍ന്നു. ജാനകി മുന്നോട്ടുവന്ന് മറ്റുള്ളവരുടെ സഹായത്തോടെ അയാളെ പിടിച്ച് ഓട്ടോയിലെത്തിച്ച് വീട്ടില്‍കൊണ്ടുവന്നു. അന്നുരാത്രി വീട്ടില്‍ മുഴുവന്‍ ജപമായിരുന്നു. ശ്രീകൃഷ്ണനെ നോക്കി എന്തൊക്കെയോ പുലമ്പുന്നുണ്ട്. ഏറെ വൈകിയാണ് ശേഖരന് ബോധം വന്നത്. യാതൊരു പ്രതികരണവുമില്ലാതെ ടിവിയുടെ മുമ്പില്‍പോയി കാല്‍ നീളത്തില്‍ നീട്ടിവെച്ച് ഇരുന്നു. കരന്റ് ഇനിയും വന്നതേയില്ല. രാഘവനെയാണെങ്കില്‍ ഇനി ശപിക്കാനെ വയ്യ. അയാള്‍ നിശബ്ദനായി. പക്ഷെ ജാനകിക്ക് എല്ലാമറിയാമായിരുന്നു. അയാളാരാണെന്നും ജാതിയും അമ്മയെയും അച്ഛനെയും എല്ലാം. അലാമിയിലെ കുപ്പത്തൊട്ടിയില്‍നിന്ന് ഹോസ്പിറ്റല്‍ വേസ്റ്റുകള്‍ക്കൊപ്പം കളഞ്ഞുലഭിച്ചതാണയാളെ. തള്ള വേണ്ടാന്നുവെച്ച് ഒഴിവാക്കിയ ഒരു മുസ്ലിം മതസ്ഥന്‍. കാപാലികരുടെ മുസ്ലിം വിരുദ്ധത പേടിച്ച് പറയാതെപോയ സത്യങ്ങള്‍, ജാനകി മുഴുവനും ഓര്‍ത്തെടുത്തു. അതിനിടയില്‍ ജപമുറകള്‍ മുറിഞ്ഞു. ഇനി പറയാതെവയ്യ.
'ശേഖരാ, നാളെ ഒരിടംവരെ പോകാനുണ്ട്'
'ഉം എങ്ങോട്ട്?'
'അപ്പന്റെ മരണ സര്‍ട്ടിഫിക്കറ്റ് ഓഫീസിലുണ്ട്'
'അപ്പനെന്നാ ചത്തത്?'
'നാളേറെയായി, ഓര്‍മ്മയില്ലേ'
'പോകാം അപ്പൊ കൊച്ചെന്തുപറയും'
'സ്‌കൂളില്‍ കൊണ്ടാക്കാം'
'ഉം'
ജാനകി വീണ്ടും ഓര്‍ത്തു അയാള്‍ തീര്‍ത്തും അജ്ഞാതനാണ്. തന്റെ ഭര്‍ത്താവ് ജോസഫ് തന്നെ ഒഴിവാക്കിപ്പോയിട്ട് നാലുവര്‍ഷം കഴിഞ്ഞാണ് കുഞ്ഞിനെ കിട്ടുന്നത്. തന്റെ മകന് അവന്റെ വിവേകത്തില്‍ അയാളൊരു അച്ഛനായി പരിണമിച്ചു. ഇത്രമതി ഇനി ചിന്തിച്ചുകൂട്ടണ്ട.

പിറ്റേന്ന് രാവിലെ ജനകി സാരിയുടുത്ത് മൂക്കുത്തിയിട്ട് ശേഖരനൊപ്പം വില്ലേജ് ഓഫീസിലേക്ക് നടന്നു. ഓഫീസ് വല്ലാതെ പൊടിപിടിച്ചിട്ടുണ്ട്. പഴകിയ കോണിപ്പടി പതിയെ കയറിയില്ലെങ്കില്‍ 'പ്‌ടേം'ന്ന് താഴെ വീഴേണ്ടിവരും. ഓഫീസര്‍ വളരെ ശാന്തതയോടെ ഉറങ്ങുകയാണ്. എട്ടുകാലികള്‍ താവളമാക്കിയ പഴയ അലമാരക്കുള്ളില്‍ അടിഞ്ഞുകൂടിയ ഫയലുകള്‍ ഓഫീസര്‍ അറിയാതെ ശേഖരന്‍ തപ്പിത്തുടങ്ങി, ജാനകിയും. ഇടക്ക് കയ്യില്‍ കിട്ടിയ ശേഖരന്റെ ജനനസര്‍ട്ടിഫിക്കറ്റ് അയാള്‍ക്കുനേരെ നീട്ടി. അതിശയത്തോടെ അയാള്‍ പേജുകള്‍ മറിച്ചു.
'അക്ബര്‍, അപ്പൊ ഞാന്‍ അക്ബറാണോ'
ജാനകി 'ഉം' എന്ന് സ്വരം താഴ്ത്തി സമ്മതിച്ചു.
'അയ്യപ്പനെ തുപ്പിയത് നന്നായി' അക്ബര്‍ ചിരിച്ചു.
'എന്നാ പോവാം'
'ഉം'
യാദൃശ്ചികമായുണ്ടായ സംഭവങ്ങളൊന്നും പഴയ ശേഖരനില്‍ ഒരു ആഘാതവും സൃഷ്ടിച്ചില്ല. ജാനകിയുടെ വീട്ടില്‍ വീണ്ടും താമസിച്ചു. പക്ഷെ, കരന്റ് ഇനിയും വന്നിട്ടില്ല. ആ ലഹരിയുടെ ഇല്ലായ്മ അയാളെ നന്നായി ബാധിക്കുന്നുണ്ട്. പക്ഷെ, മുസ്ലിം എന്ന വികാരത്താല്‍ അയാളിലെതന്നെ ഒരു ചാരന്‍ കാപാലികര്‍ക്ക് ഒറ്റിക്കൊടുത്തു. മൂന്നാം ദിനം ജാനകി വീട്ടിലിരിക്കെ ഒരു നിശയില്‍ അക്ബര്‍ ഒരു പഴയ ക്രിസ്ത്യന്‍ പള്ളിയില്‍ കുരിശില്‍ ആണി തറച്ച് മരിച്ചു. ജാനകി അറിഞ്ഞില്ല. എന്തൊ, ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ രാഘവന്‍ കരന്റ് സപ്ലൈ ശരിപ്പെടുത്തി. വീട്ടിലെ ടിവി ഉണര്‍ന്നുപ്രവര്‍ത്തിച്ചു. കഷ്ടം ഏതോ അജ്ഞാതന്റെ വെടിയേറ്റ് നായകന്‍ ചത്തുകിടക്കുന്നു. പ്രപഞ്ചം നിശബ്ദതയില്‍പൂണ്ടു. അന്തരീക്ഷത്തില്‍ ജാനകിയുടെ ജപമന്ത്രം മാത്രം.
'രാമഃനാരായണ, നാരായണ'

No comments

Theme images by mammuth. Powered by Blogger.