മലയമ്മ അബൂബക്കര്‍ മുസ്‌ലിയാര്‍: പാണ്ഡിത്യത്തിന്റെ ദീപ്ത മുഖം

〡മുഹമ്മദ് ജഫിന്‍ കൊടുവള്ളി〡

കേരളീയ മുസ്‌ലിംകളുടെ സാമൂഹികവും വൈജ്ഞാനികവും മതകീയവുമായ ഉത്ഥാനത്തിലെ നിറസാന്നിദ്ധ്യമായിരുന്ന, കിഴക്കന്‍ കോഴിക്കോടിന്റെ സമുദ്ധാരകനായി വര്‍ത്തിച്ച പണ്ഡിത ശ്രേഷ്ഠനാണ് മലയമ്മ അബൂബക്കര്‍ മുസ്‌ലിയാര്‍. സമസ്ത ഉപാദ്ധ്യക്ഷനും ഫത്‌വാ കമ്മിറ്റി അംഗവുമായിരുന്ന അദ്ദേഹം ഇരുപതാം നൂറ്റാണ്ടിന്റെ വൈജ്ഞാനിക വിളക്കുമാടങ്ങളില്‍ പ്രമുഖനാണ്. കോഴിക്കോട് ജില്ലയുടെ ഇസ്‌ലാമിക നവജാഗരണ മുന്നേറ്റങ്ങളില്‍ തിളങ്ങി നിന്ന താരകം. ജ്ഞാനോത്സവ സ്രോതസ്സുകളായി പ്രോജ്ജ്വലിച്ചുയര്‍ന്ന പണ്ഡിത പ്രമുഖരില്‍ നിന്ന് വിദ്യ അഭ്യസിക്കുകയും പില്‍ക്കാലത്ത് അനിഷേധ്യ സൗരഭ്യങ്ങളായി വിളങ്ങിയ പണ്ഡിത വ്യൂഹത്തിന് നിറപ്പകിട്ടാര്‍ന്ന നിര്‍മിതിയേകുകയും ചെയ്ത പ്രിയാചാര്യനാണ് മലയമ്മ അബൂബക്കര്‍ മുസ്‌ലിയാര്‍. അക്ഷയഖനികള്‍ക്ക് സമൃദ്ധിയുടെ രൂപഭേദങ്ങള്‍ സമ്മാനിച്ച പ്രബുദ്ധസ്തൂപം. ചുരുക്കത്തില്‍, കോഴിക്കോടിന്റെ വൈജ്ഞാനിക പ്രതലത്തില്‍ സാമൂഹിക സമുദ്ധാരണ കാംക്ഷയുമായി സദാ ജ്വലിച്ചുനിന്ന ഉത്തമ സ്പര്‍ശമായിരുന്നു നാരകശ്ശേരി ഉസ്താദ് എന്ന മലയമ്മ അബൂബക്കര്‍ മുസ്‌ലിയാര്‍.

ഖിബ്‌ല നിര്‍ണ്ണയത്തിലും ഗണിതശാസ്ത്രത്തിലും പണ്ഡിതന്മാര്‍ക്കിടയില്‍ അത്ഭുതാവഹമായ വളര്‍ച്ച നേടിയ യുഗപ്രഭാവന്‍. സി.എം മടവൂരും ശംസുല്‍ ഉലമയുമടങ്ങുന്ന അന്ത്യമില്ലാത്ത പണ്ഡിത സരണി രൂപകല്‍പ്പന ചെയ്തതും അദ്ദേഹമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ വൈജ്ഞാനിക പ്രതലത്തില്‍ പാണ്ഡിത്യശില്പചാതുരിയില്‍ വേറിട്ട മുഖം ഉയര്‍ത്തി കാണിക്കുകയായിരുന്നു ഉസ്താദ്. പുത്തനാശയക്കാര്‍ക്കെതിരെ സംവാദങ്ങളും ഖണ്ഡനങ്ങളുമായി സന്ധിയില്ലാ സമരം നയിച്ച അനിഷേധ്യ നായകനാണദ്ദേഹം. വിവിധ വൈജ്ഞാനിക മേഖലകളില്‍ പരിലസിക്കെതന്നെ ക്രിയാത്മകമായി ഒരു പുരുഷായുസ്സ് മുഴുവന്‍ ജ്ഞാനപ്രസരണത്തിനായി ഒഴിച്ചുവെച്ച മഹാപ്രതിഭയാണ് സ്മര്യപുരുഷന്‍. നാലുപതിറ്റാണ്ട് കാലം ജ്ഞാന പ്രസരണ ദൗത്യവുമായി പള്ളിദര്‍സുകളില്‍ അദ്ദേഹം ജ്വലിച്ചുനിന്നു. കേരളത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ഉച്ചഭാഷിണി ഖുതുബ മുതല്‍ അനേകം വിഷയങ്ങളില്‍ ആധികാരിക ഫത്‌വകള്‍ നല്‍കിയത് അദ്ദേഹമായിരുന്നു. വഹാബിസത്തെ വേരോടെ പിഴുതെറിയാന്‍ സര്‍വ്വസന്നാഹങ്ങളുമേന്തി കോഴിക്കോടിന്റെ നവോത്ഥാന പരിസരത്ത് പോരിനിറങ്ങിയ ധീര സാന്നിധ്യമായും അദ്ദേഹം വേറിട്ടുനില്‍ക്കുന്നു. വാഗ്മിയും ഖാസിയും മുദരിസുമായി മലയാളക്കരയില്‍ നിറഞ്ഞുനിന്ന പണ്ഡിതസാന്നിധ്യമായി നാരകശ്ശേരി ഉസ്താദ് പ്രശോഭിച്ചു നില്‍ക്കുന്നു.

യുഗപുരുഷന്റെ ഉദയം
അധിനിവേശവിരുദ്ധതയ്ക്കും ബ്രിട്ടീഷ് ഹിംസാക്രമണങ്ങള്‍ക്കും സാക്ഷിയായ കിഴക്കന്‍ കോഴിക്കോടിന്റെ മണ്ണിലാണ് മലയമ്മ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്ന നവോത്ഥാന നായകന്റെ ഉദയം. മലയമ്മ ദേശത്തെ നാരകശ്ശേരി വളപ്പില്‍ 1904 ല്‍, കര്‍ഷകനായിരുന്ന മരക്കാര്‍-ആമിന ദമ്പതികളുടെ മകനായിട്ടാണ് നാരകശ്ശേരി ഉസ്താദിന്റെ ജനനം. കാലാന്തരങ്ങളില്‍ 'നാരകശ്ശേരി' എന്ന ഗ്രാമത്തെ കേരളക്കരക്ക് സുപരിചിതമാക്കിയ ഉസ്താദിന്റെ പ്രാരംഭ മതപഠനം ആയഞ്ചേറ്റില്‍ അബ്ദുള്ള മുസ്‌ലിയാരുടെ ദര്‍സില്‍ നിന്നാണ്. ബാല്യകാലം മുതല്‍ക്കേ സൂക്ഷ്മതക്ക് ജീവിതത്തില്‍ സൗരഭ്യവും നിറവുമേകിയിരുന്ന സ്മര്യപുരുഷന്‍, പില്‍ക്കാല ജീവിതസത്രം ബാല്യം മുതല്‍ക്കേ ഒരുക്കിത്തുടങ്ങിയിരുന്നു.

പുള്ളന്നൂര്‍ ചോനക്കണ്ടി ഖദീജ എന്നവരാണ് ആദ്യ ഭാര്യ. 35 രൂപയായിരുന്നു അന്ന് മഹര്‍ നല്‍കിയത്. ഖദീജയുമായുള്ള വിവാഹമോചനശേഷം സി.എം മടവൂരിന്റെ ബന്ധുകൂടിയായ കുഞ്ഞിപ്പാത്തുമ്മയുമായി വൈവാഹികജീവിതം നയിക്കുകയും ആ ദാമ്പത്യ ജീവിതത്തില്‍ ആറ് ആണ്‍മക്കളും അത്രയും തന്നെ പെണ്‍മക്കളും ഉണ്ടാവുകയും ചെയ്തു. പാലൊഴിച്ച മധുരമില്ലാത്ത ചായയും ഗോതമ്പുമായിരുന്നു അന്നത്തെ പ്രധാന ഭക്ഷണയിനങ്ങള്‍. പിതാവിനെ പോലെ ഒരു കര്‍ഷകന്‍ കൂടിയായിരുന്നു ഉസ്താദ്. ഭൂമി ഉഴുതുമറിക്കാനും കൃഷിയിറക്കാനും അദ്ദേഹം സമയം കണ്ടെത്തി. യഥാര്‍ത്ഥത്തില്‍ പാണ്ഡിത്യത്തിന്റെ നിലമൊരുക്കലായിരുന്നു അത്. കുറുങ്ങാട്ടുകടവ് പുഴയോട് അടുത്ത് ഭൂമി പാട്ടത്തിനെടുത്ത് അദ്ദേഹം നടത്തിയിരുന്ന കൃഷിയും വീട്ടുപറമ്പിലെ കൃഷി വിളകളും മഹാനുഭാവന്റെ ലാളിത്യത്തിന്റെയും നിഷ്കളങ്കതയുടെയും ഉത്തമ സാക്ഷ്യങ്ങളായിരുന്നു.

വൃത്തി ജീവിതസപര്യയായി കൊണ്ടുനടക്കുന്നത് സ്മര്യപുരുഷന്റെ സവിശേഷ സ്വഭാവമായിരുന്നു. സൂരികള്ളിത്തുണിയും ഒതുക്കിവെച്ച താടിയും തലയില്‍ തൊപ്പിയും തലപ്പാവും ധരിച്ച, കറുപ്പ് കലര്‍ന്ന വെളുപ്പുനിറത്തില്‍ തേജസ്സുറ്റ വദനവുമായി നടക്കുന്ന പ്രകൃതമായിരുന്നു ഉസ്താദിന്റേത്. തലയില്‍ അനുസ്യൂതം വിയര്‍പ്പ്പൊടിയുന്നതിനാല്‍ പലപ്പോഴും തലപ്പാവ് തോളിലിടറായിരുന്നു പതിവ്. തൊപ്പി പോലും ഇസ്തിരിയിട്ടായിരുന്നു അദ്ദേഹം ധരിക്കാറുണ്ടായിരുന്നത്. അക്കാലത്ത് പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ അദ്ദേഹം അത്യധികം വൃത്തിയോടെ ജീവിക്കാന്‍ ശ്രദ്ധിച്ചു. അയല്‍വാസിയായ ഹൈന്ദവ സഹോദരന്റെ വീട്ടില്‍ നിന്ന് ഇസ്തിരിപ്പെട്ടി കൊണ്ടു വന്നായിരുന്നു ഉസ്താദ് ഇവ ദിനചര്യയാക്കി പുലര്‍ത്തിയിരുന്നത്.

അധ്യയന കാലം
അക്ഷയഖനികളായ, കൈരളിക്കു മുമ്പില്‍ ജ്വലിച്ചുനിന്ന അനേകം മഹാത്മാക്കളുടെ ശിഷ്യത്വം വരിക്കാന്‍ ഭാഗ്യം ലഭിച്ച പണ്ഡിതനാണ് നാരകശ്ശേരി ഉസ്താദ്. പത്താണ്ടുകളോളം നീണ്ട വാഴക്കാട് ദാറുല്‍ ഉലൂമിലെ പഠനകാലം ഉസ്താദിന്റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവായിരുന്നു. പലരുടെയും ശിക്ഷണത്തില്‍ വിവിധ ഫന്നുകളുടെ ഉന്നത വിഹായസ്സിലേക്ക് ഉസ്താദുയര്‍ന്നപ്പോള്‍, വാഴക്കാട് ഒരു മഹാത്മാവിന്റെ നിര്‍മ്മിതിക്ക് കൂടി സാക്ഷിയായി.

ആയഞ്ചേരി അബ്ദുറഹ്മാന്‍ മുസ്‌ലിയാരായിരുന്നു (1880 1942) പ്രഥമ ഗുരു. ശേഷം അബ്ദുല്‍ഖാദര്‍ ഫള്ഫരിയുടെ (1895 1942) ദീര്‍ഘകാല ശിക്ഷണത്തിലാണ് യഥാര്‍ത്ഥത്തില്‍ ഉസ്താദിലെ പ്രതിഭ ജീവസുറ്റതാകുന്നത്. തന്നിലെ പാണ്ഡിത്യനിര്‍മ്മിതിയുടെ സുപ്രധാനകര്‍ത്താവായ ഫള്ഫരിയെ ജീവിതത്തിലെ അപൂര്‍വ്വ സാന്നിധ്യമായിട്ടായിരുന്നു ഉസ്താദ് കണ്ടിരുന്നത്. ഇരുവരും തമ്മിലുള്ള ആത്മബന്ധവും കിത്താബുകളിലുള്ള ശിഷ്യന്റെ ഗ്രാഹ്യശക്തിയെക്കുറിച്ചുള്ള തിരിച്ചറിവും ഇരുവര്‍ക്കുമിടയിലെ ബന്ധത്തിന് നിറംപകര്‍ന്നു. ഒരിക്കല്‍ തന്റെ കിതാബ് കാണാതായപ്പോള്‍ മുത്വാലഅക്ക് അബൂബക്കര്‍ എടുത്തതായിരിക്കും എന്നായിരുന്നു മറുപടി (അദ്ദേഹത്തിന്റെ ഊഹം യാഥാര്‍ത്ഥ്യമായിരുന്നു). മഅ്ഖൂലാത്ത്, മന്‍ഖൂലാത്ത് വിഷയങ്ങളിലെ ഉസ്താദിന്റെ പ്രാവീണ്യത്തില്‍ അതിശയിച്ച ഫള്ഫരിയില്‍ ആ അനുഗ്രഹീത ശിഷ്യന്‍ ഏറെ സ്വാധീനം ചെലുത്തി. ഒടുവില്‍ പഠനാനന്തരം വാഴക്കാട്ടെ മുദരിസാക്കുകയും ചെയ്തു. നാരകശ്ശേരി ഉസ്താദിന്റെ അത്യുന്നത പാണ്ഡിത്യത്തിനുള്ള അംഗീകാരങ്ങളിലൊന്നായിരുന്നു അത്.

വാഴക്കാട്ടെ പഠനകാലത്ത് നാരകശ്ശേരി ഉസ്താദില്‍ ഏറെ സ്വാധീനം ചെലുത്തിയ ഗുരുവായിരുന്നു റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍. പഠനകാലത്ത് വിദ്യാര്‍ത്ഥികളുടെ സഹായ കേന്ദ്രമായിരുന്ന നാരകശ്ശേരിയെ കണ്ണിയത്തുസ്താദ് ആദരിച്ചനുഗ്രഹിച്ചു. മൂന്നുവര്‍ഷത്തെ പ്രായ വ്യത്യാസം മാത്രമേയുള്ളൂവെങ്കിലും ഇരുവരും പരസ്പരം ഗുരുശിഷ്യ ബഹുമാനം കാത്തുസൂക്ഷിച്ചിരുന്നു. ഒരിക്കല്‍ 'നീയാണ് മുസ്‌ലിയാര്‍, നിനക്കിത് ഇത്രയും വേഗം തിരിഞ്ഞല്ലോ' എന്ന വാക്കിലൂടെ കണ്ണിയത്ത് ഉസ്താദ് സമ്മാനിച്ച സാക്ഷ്യപത്രം ഉസ്താദിന്റെ ജീവിതത്തിലെ നിര്‍ണ്ണായക സംഭവങ്ങളിലൊന്നായിരുന്നു. ജീവിതത്തിലുടനീളം ഇരുവര്‍ക്കുമിടയിലുള്ള ബന്ധം നിലനിന്നുവെന്നതും നഗ്‌നയാഥാര്‍ത്ഥ്യമാണ്. മൗലാനാ അഹ്മദ് കോയ ശാലിയാത്തിയോടും മൗലാനാ ഖുതുബി ഉസ്താദിനോടുമെല്ലാം ഉണ്ടായിരുന്ന സാമീപ്യം അദ്ദേഹത്തിന്റെ വളര്‍ച്ചയിലെ മുഖ്യ ഘടകങ്ങളായിരുന്നു.

സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുമായുണ്ടായിരുന്ന സഹവാസം അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന അധ്യായങ്ങളിലൊന്നായിരുന്നു. ഇരുവര്‍ക്കുമിടയിലെ ജീവിത സാമ്യതകള്‍ പോലും സാമീപ്യത്തിന് നിദാനമായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. 1903 ല്‍ ജനിക്കുകയും 1973 ല്‍ മരണപ്പെടുകയും ചെയ്ത മഹാനാണ് ഖാഇദുല്‍ ഖൗം സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍. അതേസമയം നാരകശ്ശേരി ഉസ്താദിന്റെ ജനനം 1904 ലും മരണം 1973 ലുമായിരുന്നു. കേരളത്തിലൊന്നടങ്കം വര്‍ഷിക്കാന്‍ മാത്രം സമുന്നതമായ വൈജ്ഞാനിക ഭാണ്ഡക്കെട്ടുകളുമായാണ് നാരകശ്ശേരി ഉസ്താദ് വാഴക്കാട് ദാറുല്‍ ഉലൂമിലെ വിദ്യാര്‍ത്ഥിപീഠത്തില്‍ നിന്ന് പടിയിറങ്ങുന്നത്.

അധ്യാപകപീഠത്തില്‍
മാപ്പിളമാരുടെ സര്‍വ്വകാല ഗുരുക്കളായ നവോത്ഥാന ശില്‍പികളില്‍ നിന്ന് താന്‍ സ്വാംശീകരിച്ച വൈജ്ഞാനികപ്രപഞ്ചത്തെ, യുക്തിയുമായി സമന്വയിപ്പിച്ചപ്പോള്‍ മുസ്‌ലിം കൈരളിയുടെ ഉത്തമ വിഭവമായി അവ പരിണമിച്ചു. ശംസുല്‍ ഉലമയും, സി.എം മടവൂരുമടങ്ങുന്ന അണഞ്ഞുപോകാത്ത ആത്മീയ ജ്യോതിസ്സുകളെ ഉസ്താദിന്റെ ദര്‍സിലേക്ക് നയിച്ചതും ഈ സവിശേഷതയായിരുന്നു. ഉസ്താദിന്റെ ജീവിതത്തിലെ പരമപ്രധാന ഭാഗവും അധ്യാപനത്തിലും സംവാദങ്ങളിലുമായാണ് കടന്നു പോയത്. അവയിലേറ്റം പ്രാമുഖ്യം നല്‍കിയത് അധ്യാപന മേഖലയ്ക്ക് തന്നെയായിരുന്നു. വാഴക്കാട് നിന്ന് തുടങ്ങി അവസാന നാളുകളിലെ വീട്ടിലെ ദര്‍സ് വരെ നീളുന്നു അദ്ദേഹത്തിന്റെ അധ്യാപന ജീവിതം. വിവിധ ദര്‍സുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി വലിയ കിതാബുകളില്‍ ഉപരിപഠനം ഉദ്ദേശിക്കുന്നവര്‍ മാത്രമാണ് ഉസ്താദിന്റെ സമീപത്തെത്തിയിരുന്നത്. ഇവരില്‍ മിക്കവരും മുദരിസുമാരായിരുന്നു താനും. ഇവര്‍ക്കെല്ലാം സരളമായ ഭാഷയില്‍ ജ്ഞാനം പകുത്തുനല്‍കിയ നാരകശ്ശേരി ഉസ്താദ് എന്ന മലയമ്മ അബൂബക്കര്‍ മുസ്‌ലിയാരുടെ വിശ്രുത നാമം സമുന്നതിയുടെ ശീര്‍ഷകത്തിലെന്നും സ്മരിക്കപ്പെടും.

ആശയവൈഭവം കൊണ്ട് സമ്പന്നമായ കനപ്പെട്ട ക്ലാസുകളായിരുന്നു ഉസ്താദിന്റേത്. മസ്അലകളെല്ലാം തെളിമയോടെ അവതരിപ്പിക്കുന്ന രീതി. വൈജ്ഞാനിക വ്യവഹാരങ്ങളെ കൃത്യവും വ്യക്തവുമായി ആവിഷ്കരിച്ച്, കിത്താബ് എത്ര സുപരിചിതമാണെങ്കിലും അതിന്റെ ഒട്ടുമിക്ക ശര്‍ഹുകളും തേടിപ്പിടിച്ചാണ് ഉസ്താദ് ക്ലാസ്സെടുത്തിരുന്നത്. പഠനകാലത്ത് തന്റെ കിത്താബുകളുടെ പാര്‍ശ്വങ്ങളില്‍ 'അഹ് ' (അഹ്മദ് അബൂബക്കറിന്റെ ചുരുക്കം) എന്ന ലേബലില്‍ അദ്ദേഹം സ്വാഭിപ്രായം രേഖപ്പെടുത്തിയിരുന്നു. അത് അധ്യാപനത്തില്‍ ഏറെ സഹായകമാകുകയും ഉസ്താദിന്റെ കിത്താബുകള്‍ കൈവശപ്പെടുത്താനായി പലപ്രമുഖരും ശ്രമം നടത്തുകയും ചെയ്തിരുന്നു. അധ്യാപനം ഏറെ പ്രയാസകരമായ ഗണിതശാസ്ത്രവും മഅ്ഖൂലാത്ത് (തര്‍ക്കശാസ്ത്രം), മന്‍ഖൂലാത്ത് വിഷയങ്ങളും ലളിതമായ ശൈലിയില്‍ യുക്തിഭദ്രവും കുറ്റമറ്റതുമായ അവതരണത്തോടെയായിരുന്നു ഉസ്താദ് പഠിപ്പിച്ചിരുന്നത്. ഇതിലൂടെയാണ് ഉസ്താദ് അധ്യാപന രംഗത്ത് വേറിട്ട സാന്നിധ്യമായി മാറിയത്. ഇതോടെ കേരളത്തിലെ വിവിധ ദിക്കുകളില്‍ നിന്നും ജ്ഞാനദാഹികളുടെ പ്രവാഹത്തിന് ഉസ്താദിന്റെ ദര്‍സുകള്‍ സാക്ഷിയായി.

കേരളത്തിലെ പ്രസിദ്ധമായ പത്ത് ദര്‍സുകളില്‍ നാല്പതിറ്റാണ്ട് സേവനം ചെയ്ത പാരമ്പര്യമാണ് നാരകശ്ശേരി ഉസ്താദിലെ മുദരിസിനുള്ളത്. ശര്‍ഹുത്തഹ്ദീബ് മുതല്‍ ഗണിത-ഗോള ശാസ്ത്രത്തിലെ ചഗ്മീനിയും ഉഖ്‌ലൈദിസും വരെ ഇവിടങ്ങളിലെ പാഠ്യപദ്ധതിയിലെ സ്ഥിര സാന്നിദ്ധ്യങ്ങളായിരുന്നു. രിസാലയും അതിന്റെ ഗണിതങ്ങളും ഉസ്താദിന് ഏറെ ലളിതമായിരുന്നു. അതിനാല്‍, ഉസ്താദിന്റെ വലിയ ശര്‍ഹും വിശദീകരണവും കൊണ്ട് അലങ്കൃതമായ ഒരു രിസാല അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. ശംസുല്‍ ഉലമയും പി.സി ഉസ്താദും അടക്കമുള്ളവര്‍ ഉസ്താദിന്റെ രിസാലയിലെ പാണ്ഡിത്യം തിരിച്ചറിയുകയും സമീപിക്കുകയും ചെയ്തവരാണ്. പലപ്പോഴും ഉസ്താദിന്റെ രിസാല എടുക്കാന്‍ എത്തിയിരുന്ന പി.സി ഉസ്താദ് ഒരിക്കല്‍ അതിന്റെ അഭാവത്തെ ചൂണ്ടിക്കാണിച്ചപ്പോള്‍ ഉസ്താദ് പറഞ്ഞു ' അത് ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ കൊണ്ടുപോയി. അവര്‍ക്ക് ഓതാനും കൊടുക്കാനും ഉണ്ടത്രേ '. പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ രിസാല ക്ലാസ് തുടങ്ങിയപ്പോഴും രിസാലതുല്‍ മാറദീനിയുടെ വ്യാഖ്യാനമായ അര്‍ബഅതുല്‍ മുനാസിബ രചിച്ചപ്പോഴും നാരകശ്ശേരി ഉസ്താദില്‍ നിന്ന് ലഭിച്ച വിശാല ജ്ഞാനമായിരുന്നു ശംസുല്‍ ഉലമയുടെ മുഖ്യ അവലംബം.

ഉസ്താദിന്റെ ദര്‍സിലേക്കുള്ള യോഗ്യത പലപ്പോഴും ശര്‍ഹുത്തഹ്ദീപിലുള്ള വിദ്യാര്‍ത്ഥിയുടെ അവഗാഹമായിരുന്നു. അനേകം പ്രതിസന്ധികള്‍ക്കും പരിമിതികള്‍ക്കുമുള്ളില്‍ നിന്നുകൊണ്ട് തന്നെയാണ് വിജയം എന്ന് വിദ്യാര്‍ത്ഥിക്ക് ആദ്യമേ ബോധ്യപ്പെടുത്തുന്ന ഉസ്താദ്, വര്‍ഷങ്ങള്‍ ഒന്നോരണ്ടോ കഴിയുമ്പോഴേക്ക് വിദ്യാര്‍ത്ഥിയെ ജ്ഞാനത്തിന്റെ അത്യുന്നത വിഹായസ്സിലേക്കെത്തിക്കുമായിരുന്നു. പലപ്പോഴും പ്രിയഗുരു കണ്ണിയത്ത് ഉസ്താദിന്റെ പാരമ്പര്യമാണ് അദ്ദേഹം നിലനിര്‍ത്തിപോന്നിരുന്നത്. സമുന്നതമായ രീതിശാസ്ത്രത്തിലൂടെ ഉസ്താദ് അധ്യാപനത്തിന് രൂപപ്പെടുത്തിയെടുത്ത മാര്‍ഗ്ഗരേഖ തീര്‍ത്തും സുന്ദരമായിരുന്നു.

1930 കളില്‍ കേരള മുസ്‌ലിംകളുടെ വൈജ്ഞാനിക കേന്ദ്രമായിരുന്ന വാഴക്കാട്ട് നിന്നാണ് അധ്യാപനത്തിന്റെ പ്രാരംഭം. ശൈഖ് അബ്ദുല്‍ ഖാദിര്‍ ഫള്ഫരിയുടെ നിര്‍ദ്ദേശാനുസരണം ആയിരുന്നു അത്. അവിടെ നിന്നാണ് ശൈഖുനാ ശംസുല്‍ ഉലമ അവിടുത്തെ ശിഷ്യത്വം സ്വീകരിക്കുന്നത്. അധ്യാപനശൈലിയിലെ ക്രിയാത്മകാവിഷ്കാരം കൊണ്ട് പ്രസിദ്ധനായിരിക്കെയാണ് പിതാവിന്റെ നിര്‍ബന്ധബുദ്ധ്യാ മാഹിയിലേക്ക് കൂടുമാറുന്നത്. നാലു വര്‍ഷത്തോളം നീണ്ട അവിടുത്തെ ദര്‍സില്‍ നിന്നാണ് കെ.സി അബ്ദുല്ല മൗലവി, കെ.സി ഇബ്രാഹീം മൗലവി അടക്കമുള്ള, പില്‍ക്കാലത്ത് മുജാഹിദ് സംവാദ വേദികളിലെ നിറസാന്നിധ്യങ്ങളായി മാറിയ പലരും തര്‍ക്കശാസ്ത്രം പഠിക്കുന്നത്.

ശേഷം മടവൂരില്‍ സൈനുല്‍ ഉലമാ അണ്ടോണ ഉസ്താദ് അടക്കമുള്ളവര്‍ക്ക് ജ്ഞാനം പകുത്തുനല്‍കി. 1940 കളുടെ അവസാനത്തില്‍ അദ്ദേഹം കൊടുവള്ളി എളവഞ്ചാല്‍ പള്ളിയിലെത്തി. അവിടുത്തെ ദര്‍സില്‍, അബുല്‍ വഫാ കെ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാരും സി.എം വലിയുള്ളാഹിയും ഉള്‍പ്പടെയുള്ളവര്‍ ശിഷ്യന്മാരായിരുന്നു. ശേഷം കെ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ അവിടെ രണ്ടാം മുദരിസാവുകയും ചെയ്തു. 1952 ലെ മദ്രാസ് തെരഞ്ഞെടുപ്പുകാലത്ത്, ലീഗ് അനുകൂല നിലപാട് സ്വീകരിക്കുകയും കെ.വി ഉസ്താദ് ലീഗിനായി പ്രസംഗിക്കുകയും ചെയ്തപ്പോള്‍ ടി.കെ പരീക്കുട്ടി അധികാരി ഇരുവരെയും പുറത്താക്കിയപ്പോള്‍ വൈമനസ്യമേതും കൂടാതെയാണ് അവര്‍ രാജിവെച്ചത്. സമുദായ നന്മക്കായ് സര്‍വ്വതും ത്യജിച്ച അവര്‍ കളങ്കരഹിതമായ ജീവിതം നയിച്ചവരായിരുന്നുവെന്നതാണ് ചരിത്രസാക്ഷ്യം.

എളവഞ്ചാലില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ കെ.വി യും ഉസ്താദും ചേര്‍ന്നാണ്, പില്‍ക്കാലത്ത് കൊടുവളളിയുടെ അത്യുന്നത വിദ്യാകേന്ദ്രങ്ങളിലൊന്നായി പരിണമിച്ച സിറാജുല്‍ഹുദ നിര്‍മ്മിക്കുന്നത്.
സാമൂഹ്യ പ്രവര്‍ത്തികളില്‍ ഇരുവരുടെയും മുഖ്യ ദൗത്യങ്ങളിലൊന്നായിരുന്നു അത്. വിദ്യാഭ്യാസ ബോര്‍ഡിന്റെ ആദ്യ ഒമ്പത് മദ്‌റസകളില്‍ സിറാജ് ഉള്‍പ്പെടുകയും ചെയ്തു. ശൈഖുനാ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ അടക്കമുള്ളവരുടെ ഗുരുനാഥനാകുന്നത് ഇവിടെനിന്നാണ്. തലശ്ശേരി പുല്ലൂര്‍ക്കരയിലെ ദര്‍സില്‍ നിന്നാണ് പാറന്നൂര്‍ ഉസ്താദിനെ പോലുള്ള അനേകം പേര്‍ ജ്ഞാനമഭ്യസിച്ചത്. ശേഷം, തന്റെ വാര്‍ദ്ധക്യ കാലത്ത് കാസര്‍കോട് പടന്നയിലെത്തിയ നാരകശ്ശേരി ഉസ്താദ് കെ.ടി മുഹമ്മദ് മുസ് ലിയാരെ പോലുള്ള പ്രമുഖരായ പലര്‍ക്കും കിതാബോതിക്കൊടുത്തു.

അധ്യാപനം അവസാനിപ്പിക്കാനൊരുങ്ങി നാട്ടിലെത്തിയ ഉസ്താദിനെ ശിഷ്യന്മാരായ കെ.ടി മുഹമ്മദ് മുസ്ലിയാരും എ.കെ.എം കോയ മുസ്‌ലിയാരും പിന്തുടരുകയും ദര്‍സ് തുടരണമെന്ന് ദുഃഖഭാരത്തോടെ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തദവസരത്തില്‍, ദര്‍സെന്തെന്നോ മറ്റോ അറിവില്ലാത്ത (ജമാഅത്ത് പോലും യഥാവിധി നടക്കാറില്ലാത്ത) മുണ്ടോട്ടിന്റെ മണ്ണിലാണ്, അസൗകര്യങ്ങള്‍ക്കിടയിലും രണ്ടുപേര്‍ക്കായുള്ള ദര്‍സ് തുടങ്ങുന്നത്. കാലപ്രയാണത്തില്‍ ദര്‍സ് അതിശയോക്തിയുയര്‍ത്തും വിധം ശക്തിയാര്‍ജ്ജിക്കുകയും പി.സി ഉസ്താദിനെ പോലുള്ള പലരും ദര്‍സിലെത്തുകയും ചെയ്തു. കൈരളി മുഴുവന്‍ അത്യുന്നത വൈജ്ഞാനിക സ്തംഭങ്ങളെന്ന് വിധിയെഴുതിയ അനേകം പണ്ഡിത പ്രതിഭകള്‍ക്ക് ജന്മമേകിയ വ്യക്തിത്വമാണ് യഥാര്‍ത്ഥത്തില്‍ നാരകശ്ശേരി ഉസ്താദ്. പേമാരി വര്‍ഷിക്കുന്നതുപോലെ ഉസ്താദിലെ വൈജ്ഞാനിക മണിച്ചാര്‍ത്തുകള്‍ ദിവ്യ മുദ്രകളായി മലബാറിന്റെ പവിത്ര മണ്ണില്‍ ഉതിര്‍ന്നുവീണു. സര്‍വ്വാത്മനാ നാരകശ്ശേരി ഉസ്താദ് കൈരളിയുടെ വിശിഷ്യാ കോഴിക്കോട് ജില്ലയുടെ പണ്ഡിത സിരാ കേന്ദ്രമായി മാറി.


സംവാദഭൂമികയില്‍
പുത്തനാശയക്കാരുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് സമൂഹത്തെ പരിരക്ഷിക്കാന്‍ മുന്നില്‍നിന്ന പണ്ഡിതനായിരുന്നു നാരകശ്ശേരി ഉസ്താദ്. കിഴക്കന്‍ കോഴിക്കോടിന്റെ നവോത്ഥാന പരിസരത്ത്, പ്രധാനമായും കരുവമ്പൊയില്‍ അടക്കമുള്ള പ്രദേശങ്ങളില്‍, വഹാബിസം മുളച്ചു പൊട്ടിയപ്പോള്‍ ആദര്‍ശ ധീരതയുടെ പര്യായങ്ങളായ പണ്ഡിതന്‍മാരോടൊപ്പം ഉയര്‍ന്നുനിന്ന സിംഹഗര്‍ജ്ജനമായിരുന്നു അദ്ദേഹം. പറവണ്ണ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാരില്‍ നിന്നാണ് ഉസ്താദ് പ്രധാനമായും ആദര്‍ശത്തിന്റെ ആദ്യപാഠങ്ങള്‍ നുകര്‍ന്നത്. തര്‍ക്കശാസ്ത്രത്തില്‍ പ്രാവീണ്യം നേടിയിരുന്ന മലയമ്മ അബൂബക്കര്‍ മുസ്‌ലിയാരെന്ന ആദര്‍ശ പോരാളിക്ക് പറവണ്ണ ഉസ്താദ് സര്‍വ്വ പിന്തുണയുമേകി. പഠനകാലത്ത് അദ്ദേഹം സൂക്ഷിച്ചുവെച്ചിരുന്ന സുന്നത്ത് ജമാഅത്തിനെക്കുറിച്ചുള്ള വിവരശേഖരങ്ങള്‍ക്കു പിന്നിലുള്ള പ്രേരകവും മറ്റൊന്നായിരുന്നില്ല.

1945 മുതല്‍ 1970 വരെയുള്ള കാലങ്ങളിലാണ് അദ്ദേഹത്തിന്റെ സംവാദ വ്യവഹാരങ്ങള്‍ സജീവമായത്. നരിക്കുനി മുതല്‍ മുക്കം വരെയും, താമരശ്ശേരി മുതല്‍ കുന്ദമംഗലം വരെയും ആ ധീരപോരാട്ടത്തിന് സാക്ഷിയായി. പുതിയോത്ത് ഇബ്രാഹിം മുസ് ലിയാര്‍ (പാലക്കാംതൊടിക അബൂബക്കര്‍ മുസ്‌ലിയാരുടെ പുത്രന്‍) വഹാബിസം സ്വീകരിക്കുകയും, കോഴിക്കോട് താലൂക്കിലെ പ്രമുഖ സ്വാതന്ത്ര്യ സമര നേതാവും ഇരുപത്തിരണ്ടോളം പള്ളികളുടെ ഖാസിയുമായ തന്റെ പിതാവിന്റെ സ്വീകാര്യത മുതലെടുത്ത് കുനിയില്‍ മുഹമ്മദ് മുസ്‌ലിയാരോടൊത്ത് വഹാബിസത്തിനു വന്‍പ്രചാരം നേടിക്കൊടുക്കുകയും ചെയ്തു. തല്‍ഫലമായി പലപ്രമുഖരും വഹാബികളുടെ വലയിലകപ്പെട്ടു. ഇതേതുടര്‍ന്ന് കൊടുവള്ളിയിലും കരുവമ്പൊയിലും നടന്ന വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ വിവിധ പ്രഭാഷണങ്ങളിലൂടെയും ശംസുല്‍ ഉലമയുടെ ബന്ധവിച്ഛേദന പ്രഖ്യാപനത്തിലൂടെയും വീണുടഞ്ഞ വഹാബിസം വീണ്ടും തലപൊക്കിത്തുടങ്ങിയപ്പോള്‍ അതിനെ പിടിച്ചുകെട്ടിയത് നാരകശ്ശേരി ഉസ്താദിന്റെ കരുവമ്പൊയില്‍ ഖണ്ഡനം പോലുള്ള ശക്തമായ നീക്കങ്ങളായിരുന്നു.

1940 കളുടെ അന്ത്യത്തില്‍ മടവൂരില്‍ ദര്‍സ് നടത്തിയിരുന്ന കാലത്ത് നടന്ന മൊയോട്ടക്കടവ് ഖണ്ഡനത്തിലൂടെയാണ് ആദര്‍ശ രംഗത്ത് അദ്ദേഹം സാന്നിദ്ധ്യമറിയിച്ചത്. ദര്‍സ് കഴിഞ്ഞ് വീട്ടിലേക്കു വരുന്ന വഴിയില്‍ കടവിന് മുകളില്‍ ഇബ്രാഹിംകുട്ടിയുടെ നേതൃത്വത്തില്‍ ഖണ്ഡനം നടക്കുന്നത് കാണുകയും ഉടനെ രണ്ട് പെട്രോൾമാക്‌സ് സംഘടിപ്പിച്ച് വഹാബിസത്തെ ഒന്നടങ്കം നിര്‍വീര്യമാക്കുന്ന ഖണ്ഡനപ്രസംഗം നടത്തുകയുമായിരുന്നു.ഇതിലൂടെ പ്രശസ്തനായ സ്മര്യപുരുഷന്‍ പിന്നീട് സര്‍വ്വ സംവാദ വേദികളിലും അനിഷേധ്യ സാന്നിധ്യമായി മാറി. പാലൊളിത്താഴത്ത് ആറ് ദിവസത്തോളം മറുപടി പ്രസംഗം നടത്തി, 19 അംഗ സംഘത്തെ തിരികെ സുന്നി പാളയത്തിലെത്തിച്ച ആദര്‍ശപോരാളിയാണദ്ദേഹം.

മാല മൗലിദുകളുടെ ആധികാരികതയെ ചൊല്ലി നടന്ന തേവര്‍പറമ്പ് സംവാദം നാരകശ്ശേരിയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു . ഒരു തരത്തില്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായിരുന്നു അത്. ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ മാല മൗലീദുകള്‍ അനുവദനീയമാണെന്ന് തെളിവുകളിലൂടെയും യുക്തി ഉപയോഗിച്ചും അദ്ദേഹം അവതരിപ്പിച്ചപ്പോള്‍ ജമാലുദ്ദീന്‍ മൗലവി അടക്കമുള്ളവര്‍ അന്ധാളിച്ചുപോവുകയായിരുന്നു തേവര്‍പറമ്പില്‍.

പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ വ്യവസ്ഥ തര്‍ക്കത്താല്‍ പ്രശസ്തമായ 1951 ലെ പൂനൂര്‍ സംവാദത്തിലും നാരകശ്ശേരി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു. പൂനൂര്‍ സംവാദത്തിന്റെ മറുപടിയായി ശൈഖുനാ ശംസുല്‍ ഉലമായുടെ നേതൃത്വത്തില്‍ അരങ്ങേറിയ നന്മണ്ട സംവാദത്തില്‍ ശംസുല്‍ ഉലമയോടൊപ്പം ധീരമായി നിലകൊണ്ടത് ഉസ്താദായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് ആദര്‍ശ ധീരതയുടെ പര്യായമായി ഉദിച്ചുയരുകയായിരുന്നു നാരകശ്ശേരി അബൂബക്കര്‍ മുസ്‌ലിയാര്‍. ആദര്‍ശ സംരക്ഷണത്തിനും അഹ്ലുസ്സുന്നയുടെ നിര്‍മ്മിതിക്കുമായി യത്‌നിച്ച, വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശ പ്രചാരകനായിരുന്നു അദ്ദേഹം.

ഉച്ചഭാഷിണി വിവാദം
കര്‍മ്മശാസ്ത്രത്തില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്ന നാരകശ്ശേരി ഉസ്താദിന്റെ ഫത്‌വകള്‍ കേരളമൊന്നടങ്കം ചര്‍ച്ചചെയ്യപ്പെടുകയും പ്രമുഖരുടെ അംഗീകാരത്തിന് പാത്രമാകുകയും ചെയ്തിരുന്നു. ഇവയിലേറ്റവും പ്രാധാന്യമേറിയത് ഉച്ചഭാഷിണി ഖുതുബ സംബന്ധമായ ഫത്‌വയാണ്. 1966-67 കാലഘട്ടത്തില്‍, ഉച്ചഭാഷിണി മുഖേനയുള്ള ഖുതുബയുടെ ആധികാരികത ഏറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കുകയും ഇതിനെത്തുടര്‍ന്ന് ഉച്ചഭാഷിണി ഖുതുബകളില്‍ ഉപയോഗിക്കാമോ എന്ന ചോദ്യവുമായി ഒരു എളേറ്റില്‍ സ്വദേശി ഉസ്താദിനെ സമീപിക്കുകയും ഉസ്താദ് ഇത് കൃത്യമായി അന്വേഷിക്കുകയും വിരോധമില്ലെന്ന് വിധി പ്രസ്താവിക്കുകയും ചെയ്തു. തദവസരത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാനായി സമസ്ത മുശാവറ കൂടുകയും, മുമ്പ് 'അനുവദനീയം' എന്ന വിധിപ്രസ്താവം നടത്തിയതിനാല്‍ ഉസ്താദ് പ്രത്യേകം ക്ഷണിക്കപ്പെടുകയും ചെയ്തു.1967 ഏപ്രില്‍ എട്ടിനു നടന്ന മുശാവറയില്‍ ഉസ്താദിന്റെ വിഷയാവതരണവും തെളിവുദ്ധാരണങ്ങളും യോഗാദ്ധ്യക്ഷന്‍ കണ്ണിയത്ത് ഉസ്താദും ശംസുല്‍ ഉലമയുമടങ്ങുന്ന പണ്ഡിത പ്രമുഖരുടെയെല്ലാം സാക്ഷ്യപത്രത്തോടെ, സമസ്തയുടെ ഔദ്യോഗിക വിധിയായി പ്രഖ്യാപിക്കുകയായിരുന്നു. ശൈഖുനാ സ്വദഖത്തുള്ള മുസ്‌ലിയാരുടെ നേതൃത്വത്തില്‍ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ രൂപീകരണത്തിന് വഴിയൊരുക്കിയതും ഈ സംഭവമായിരുന്നു.

പ്രവൃത്തിപഥവും ശേഷിപ്പുകളും
സാമൂഹിക നവജാഗരണ യത്‌നങ്ങളുമായി നിത്യവും ജ്വലിച്ചുനിന്ന സാന്നിദ്ധ്യമാണ് നാരകശ്ശേരി ഉസ്താദ്. അദ്ദേഹത്തിന്റെ മുഖ്യ പ്രവര്‍ത്തന മണ്ഡലം സമസ്ത തന്നെയായിരുന്നു. 1960 കളുടെ മധ്യാഹ്നത്തിന് ശേഷം ഉയര്‍ന്നുവന്ന, ഉച്ചഭാഷിണി വിവാദത്തോടടുത്താണ് ഉസ്താദ് മുശാവറയിലെത്തുന്നത്. എന്നാല്‍, 1967 മെയ് 25 ന് സ്വദഖത്തുല്ല മുസ്‌ലിയാരുടെ രാജിയെ തുടര്‍ന്ന് കണ്ണിയത്ത് ഉസ്താദ് പ്രസിഡണ്ടായ അതേ സദസ്സില്‍ വെച്ച് ഉസ്താദ് ഉപാദ്ധ്യക്ഷ പദവിയിലേക്കുയര്‍ന്നുവെന്നത് അത്ഭുതാവഹമാണ്. 1969 മെയ് 15 ന് ഫത്‌വാ കമ്മിറ്റിയിലെത്തുന്നതോടെ കൈരളിയുടെ പ്രമുഖരായ അഞ്ച് പണ്ഡിതപ്രഭുക്കളില്‍ ഉസ്താദിന്റെ പേരും ചാര്‍ത്തപ്പെട്ടു. മുശാവറ യോഗങ്ങളിലെ ഉസ്താദിന്റെ ക്രിയാത്മക ഇടപെടലുകളും പ്രസ്താവ്യമാണ്. സുന്നി ടൈംസില്‍ ഒരിക്കല്‍ ഉള്ഹിയ്യത്തുമായി ബന്ധപ്പെട്ട് ഒരു പിഴവ് സംഭവിച്ചപ്പോള്‍, വിഷയം അദ്ദേഹം മുശാവറയെ ധരിപ്പിക്കുകയും മുശാവറ അദ്ദേഹത്തെ ശരിവെക്കുകയുമുണ്ടായി. ജാമിഅ: നൂരിയ്യ: പരീക്ഷബോര്‍ഡിലും അദ്ദേഹം സജീവമായിരുന്നു.

ഖിബ്‌ല നിര്‍ണ്ണയത്തിലും ഗണിതശാസ്ത്രത്തിലും ഉസ്താദ് അതുല്യപ്രതിഭയായിരുന്നു. പലപ്പോഴും പല പണ്ഡിതന്മാരും പ്രയാസകരമെന്നതിനാല്‍ മാറ്റിനിര്‍ത്താറുള്ള ഗണിതശാസ്ത്രത്തെ സര്‍വാത്മനാ സ്വാംശീകരിച്ച പണ്ഡിതനാണ് അദ്ദേഹം. മുണ്ടോട്ട് ദര്‍സ് നടത്തുന്ന കാലത്ത് ഖിബ്‌ല നിര്‍ണ്ണയം ശിഷ്യര്‍ക്ക് മനസ്സിലാക്കികൊടുക്കാന്‍ 'റുബുഉല്‍ മുജയ്യദ്' എന്ന ക്രിയാത്മകോപകരണത്തിന്റെ നിര്‍മ്മിതി കൂടി അദ്ദേഹം നിര്‍വഹിച്ചിരുന്നു. പി.സി ഉസ്താടക്കമുള്ള ഖിബ്‌ല നിര്‍ണ്ണയിച്ചു കൊടുക്കുന്ന പലപ്രമുഖരും ഇവിടത്തെ പഠിതാക്കളായിരുന്നു. പേരാമ്പ്രയില്‍ ഖിബ്‌ല നിര്‍ണയ വിഷയത്തില്‍ ആശാരിയുമായി നടന്ന തര്‍ക്കവും പ്രശസ്തമാണ്. സര്‍വ്വ വിജ്ഞാനീയങ്ങളെയും സമന്വയിപ്പിച്ച അറിവിന്‍ കേന്ദ്രമായിരുന്നു ഉസ്താദ്.

അവസാന കാലത്തും ദര്‍സ് നടത്തണമെന്ന ആഗ്രഹം ഉസ്താദിനുണ്ടായിരുന്നു. ഇത് പ്രിയശിഷ്യന്‍ എ.കെ.എം കോയ മുസ്‌ലിയാരിലൂടെ സാക്ഷാത്കരിക്കപ്പെടുകയും അവസാനകാലങ്ങളില്‍ വീട്ടില്‍ ദര്‍സ് ആരംഭിക്കുകയുമുണ്ടായി. ഒരിക്കല്‍ ദര്‍സിനിടെ ക്ഷീണമനുഭവപ്പെടുകയും വൈകീട്ട് ഇത് വര്‍ധിക്കുകയും, അന്ന് 'ഞാന്‍ സന്തുഷ്ടനാണ്, നിങ്ങളാരോടും എനിക്കൊന്നുമില്ല' എന്ന് പറയുകയുമുണ്ടായി. ക്ഷീണാധിക്യത്താല്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും വിവരം അറിഞ്ഞെത്തിയ ജനപ്രവാഹം കൊണ്ട് വീര്‍പ്പുമുട്ടിയ ഒമ്പത് ദിനങ്ങള്‍ അവിടെ ചെലവഴിക്കുകയും ചെയ്തു.എ.കെ.എം കോയ മുസ്‌ലിയാരോട് മാത്രമായിരുന്നു ആശുപത്രിയില്‍ വെച്ച് നേരാംവണ്ണം സംസാരിച്ചിരുന്നത്.

തുടര്‍ന്ന് 1973 ജൂലൈ 26 ന് (ജുമാദുല്‍ ആഖിര്‍ 25) ഒരു വെള്ളിയാഴ്ച രാവില്‍ ഇരുപതാം നൂറ്റാണ്ടിന്റെ നവോത്ഥാന ശില്‍പിയായി വര്‍ത്തിച്ച നാരകശ്ശേരി ഉസ്താദ് വിട പറയുകയായിരുന്നു. ശംസുല്‍ ഉലമയെപ്പോലുള്ള ശിഷ്യ ജനങ്ങളുടെയും അനേകം പണ്ഡിതപ്രഭുക്കളുടെയും സാന്നിധ്യത്തിലാണ് അന്ത്യകര്‍മ്മങ്ങള്‍ നടന്നത്. ജുമുഅക്ക് ബാങ്കുയരുമ്പോഴും ശംസുല്‍ ഉലമ അടക്കമുള്ളവര്‍ തങ്ങളുടെ വന്ദ്യ ഗുരുവിന് മുമ്പിലായിരുന്നു.

ഭൂമിയിലെങ്ങും പ്രഭ പരത്തി, കിഴക്കന്‍ കോഴിക്കോടിന് സമുന്നതിയുടെ മുഖം സമ്മാനിച്ച്, പണ്ഡിത പരിവേഷത്തിന് യഥാനിര്‍വ്വചനമേകി, നാലരപ്പതിറ്റാണ്ടു മുമ്പ് ഒരു ജമാദുല്‍ ആഖര്‍ 25 ന് ഉസ്താദ് അനന്തവിഹായസ്സിലേക്കുയരുമ്പോള്‍ ഫത്‌വകളും മസ്അലകളും പ്രസിദ്ധിയുടെ തീര്‍ഥാടനങ്ങളായ ഒരായിരം ശിഷ്യ ജനങ്ങളും ശേഷിപ്പുകളായിരുന്നു. ലാളിത്യവും സൂക്ഷ്മതയും നിഴല്‍പോലെ കൊണ്ടു നടന്ന വൈജ്ഞാനികത്തികവിന് ഹൃദ്യതയുടെ പരവതാനി വിരിച്ച നാരകശ്ശേരി ഉസ്താദ് നവോത്ഥാന ചരിത്രത്തിലെ അനിഷേധ്യ നാമധേയമാണ്.

No comments

Theme images by mammuth. Powered by Blogger.