സംപ്രേഷണം
〡ഫർസീൻ വി.പി നെല്ലിക്കുത്ത്〡
അന്നെന്തോ ഭാര്യ സുമിത്ര വന്ന് റേഡിയോ ഓൺ ചെയ്ത് വാർത്ത അത്യുച്ചത്തിൽ കേൾപ്പിച്ചിട്ടും മോഹനൻ കുലുങ്ങിയില്ല. മോഹനന്റെ കണ്ണും മനസ്സും എന്തോ ഒന്നിൽ ആണി തറച്ചിട്ടമാതിരി. i have waited for this opportunity for more than half a century, to repeat you once again my vow of eternal fidelity and everlasting love ഗബ്രിയേൽ ഗാർഷ്യ മാർക്വിസിന്റെ love in the time of cholera യിലെ വാക്കുകൾ അയാൾ പലതവണ ആവർത്തിച്ചു. തവണകൾക്കിടയിലും അയാൾ ഉള്ളംനിറഞ്ഞ് പലഭാവത്തിൽ ചിരിച്ചു. സുമിത്രയോടെന്നപോലെ അയാൾ ഇത്രമാത്രം പറയുകയും ചെയ്തു. "എടീ, എന്റെ ഉള്ളിലെ വിശ്വാസവും അനന്തമായ പ്രണയവും നിന്നോട് ആവർത്തിച്ച് പറയുവാൻ അരനൂറ്റാണ്ടുകാലമായി ഈ അവസരത്തിന് ഞാൻ കാത്തിരിക്കുന്നു." ഇടക്ക് മോഹനന്റെ പ്രസ്താവനയിൽ കയറിക്കൂടിയ 'എടീ' എന്ന വാക്ക് അടുത്ത തവണ 'എടാ,എടോ' എന്നിങ്ങനെയൊക്കെ പരിണാമം സിദ്ധിച്ചു. വരികളിലെ രസാനുഭൂതികളിൽ കസേരയിലിരിക്കുന്ന അയാളുടെ കാലുകൾ മടക്കിയും നിവർത്തിയും ആസ്വാദനങ്ങളിൽ മുഴുകി. ഒരു പഴങ്കഥ പലതവണ ആവർത്തിക്കുന്നതിന്റെ അനുഭൂതി ഈ ഭൂമിമലയാളത്തിൽ മോഹനന് മാത്രമേ ഉണ്ടായിട്ടുണ്ടാവൂ. പണ്ടെന്നോ വായിച്ചുതീർത്ത പുസ്തകങ്ങൾ അടുത്ത രണ്ടുവർഷത്തിനുള്ളിൽ വീണ്ടും വായിക്കുന്നത് അയാളുടെ ഹോബിയായി മാറിയത് ആരും അറിഞ്ഞിരുന്നില്ല, അയാൾപ്പോലും. സദാസമയം വായനയാണ് മോഹനൻ ജീവിതമാർഗമായി വിനിയോഗിച്ചത്. അതിലയാൾ അതുല്യതൃപ്തനായി മതിയാവോളം ജീവിച്ചു. വിശപ്പും ദാഹവും പാടേ മറന്നു. ഒരു വേനൽ വരൾച്ചക്കിടയിൽ ദീർഘകാലം തുടരെ മഴ പെയ്തു. ആവിശ്യമുള്ളതെല്ലാം ആ വായനാജീവിതത്തിൽ നിന്ന് മോഹനൻ നേടിയെടുത്തു.
തീരെ പിടിക്കാതായപ്പോൾ 'ഇനി വേണ്ടാ'ന്ന് വെച്ച് സുമിത്ര നെറ്റിനീളത്തിൽ ചുളിച്ച് റേഡിയോ അയാളുടെ മുന്നിലേക്ക് വലിച്ചെറിഞ്ഞു. ചില്ല് ചെറിയ തകരാറിലായെന്നല്ലാതെ കാര്യമായൊന്നും പറ്റിയില്ല.
'ഞാൻ കഷ്ടപ്പെട്ട് ഈ റേഡിയോ വാങ്ങിച്ചത്, ഇത് ഓണാക്കിവെച്ച് മണ്ണെണ്ണ കത്തിച്ച് അന്തംവിട്ടമാതിരി പുസ്തകം വായിച്ചിരിക്കാനല്ല' സുമിത്ര കയർത്തു. ഓലമേഞ്ഞ അടുക്കളയിൽനിന്ന് തൊടുത്തുവിട്ട കത്തുന്ന വാക്കുകൾ, 'വർക്കേരിയ' വാതിലിലൂടെ നുഴഞ്ഞുകയറി, കർട്ടൺന്റെ നൂലിഴകൾക്കിടയിലൂടെ പതുങ്ങിവന്നപ്പോഴേക്കും മോഹനന് അതെല്ലാം വളരെ നേർത്തതായിത്തോന്നി.
'എന്റെ പൊന്നേ, ഞാനൊന്ന് പറയട്ടെ'
'വേണ്ട, ഇനി പറയുമെങ്കിൽതന്നെ'
'ഇത്തരം പുസ്തകം'
'മതി, ഇതിപ്പൊ എത്ര പ്രാവശ്യമായി'
'അതിനുഞാൻ'
'വേണ്ടാന്ന് പറഞ്ഞില്ലേ' സുമിത്രയുടെ ശബ്ദം കനത്തു. വയറിൽ കൈ പതുക്കെ അമർത്തി അവൾ വേച്ച് ബെഡ്ഡിലേക്ക് തലചായ്ച്ചു.
'നീ ഒച്ചവെക്കാതെ, ഉച്ചത്തിൽ സംസാരിക്കരുതെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിരുന്നില്ലേ'
അവൾ പിന്നെയൊന്നും പറഞ്ഞില്ല. ഇതുപോലുള്ള സംഭവം പതിവായി നടക്കാറുണ്ട്. കാര്യമായി വല്ലതും ആണെങ്കിൽപ്പിന്നെ, അത്യാവശ്യം മാത്രമേ സുമിത്ര മോഹനനോട് പറയാറുള്ളൂ. അല്ലെങ്കിൽപ്പിന്നെ, കിടക്കുംനേരം അടുത്ത് കിടന്ന് കൈകളിൽ തലവെച്ച് അവൾ വല്ലതും പറഞ്ഞുതുടങ്ങും. അതിൽപ്പിന്നെ അസാധാരണയായി മറ്റൊന്നും സംഭവിക്കാറില്ല.
ഗബ്രിയേലിന്റെ വരികൾ രണ്ടുതവണകൂടി വായിച്ച് തന്റെ വാടകപുസ്തകങ്ങൾ രഹസ്യമായി സൂക്ഷിച്ചിരുന്ന ഷെൽഫിലേക്ക് പുസ്തകങ്ങൾക്കിടയിലേക്ക് കോലമില്ലാതെ തിരുകിവെച്ച് മോഹനൻ പടവുകൾ വളരെ സൂക്ഷിച്ചുകയറി. കൈവരി വെക്കാത്ത പടവിന് ഒരു ഇരുപത്തിയെട്ട് വർഷത്തെ മാവിന്റെ പഴക്കം കാണും. മാളികയിലേക്ക് കയറുമ്പോഴൊക്കെ, വീട്ടുമുറ്റത്ത് ആശാരി വന്നതും, മരപ്പണിക്കാർ മാവ് കഷ്ണങ്ങളാക്കി മുറിക്കുന്നതും മാവ് വെട്ടേറ്റ് നിലംപരിശായി കിടക്കുന്നതും ഓരോ തവണയും മോഹനന്റെ കണ്ണുകളിൽ മിന്നിമറഞ്ഞു. പടികളിൽ പതിയെ ചവിട്ടണം. ചിതൽ തിന്നുതുടങ്ങിയിട്ടേയുണ്ടായിരുന്നുവെങ്കിലും അതുപോലൊരു മാവിന്റെ വാതിൽ ദിവസങ്ങൾക്കകം അവറ്റകൾ തിന്നുതീർത്തതോർക്കുമ്പോൾ മോഹനന് ശങ്കയാണ്.
പടികടന്ന് റൂമിലെത്തുമ്പോൾ സുമിത്ര കണ്ണുരുട്ടി മാനത്തേക്ക് നോക്കാൻ ഒഴിഞ്ഞ് കിടപ്പാണ്. മോഹനൻ വന്നതുപോലും അവളറിഞ്ഞില്ല.
സുമിത്രയുടെ ശ്രദ്ധ തന്നിലേക്ക് തിരിക്കാൻ, പണിപ്പെട്ട് ചെറുതായൊന്ന് കുരച്ച് അയാൾ വ്യവസംഹാരത്തിൽ ഒരുകോട്ടുവായിട്ടു. സുമിത്ര അനങ്ങിയതേയില്ല. ജനലഴികൾക്കിടയിലൂടെ എന്തോ ഒന്ന് സുമിത്രയെ വല്ലാതെ പിടിച്ചുപറ്റിക്കാണും. ഒരിളം തെന്നൽ അവളുടെ മുഖം മിനുക്കി. നടുപ്പുറം വരെ വിശാലമായി അഴിഞ്ഞാടുന്ന അവളുടെ മുടി ആ കാറ്റിലും ഇഴചേർന്ന് പാറിക്കളിക്കാൻ വെമ്പൽകൊള്ളുന്നപോലെ. മോഹനൻ പിന്നെയൊന്നും പറയാൻ ഭാവിച്ചില്ല. വസ്ത്രം മാറിവന്ന് അവളുടെ ചാരത്ത് മലർന്ന് കിടന്നു. ഇങ്ങനെ സമയം നീണ്ടപ്പോൾ വെറുതെയിരിക്കണമെന്ന് വിചാരിച്ച് മോഹനൻ ഗബ്രിയേലിന്റെ വരികളാവർത്തിച്ചു.
ഒന്നുനീളത്തിൽ ശ്വാസം വലിച്ചുവിട്ട് സുമിത്ര ഒന്നും പറയാതെ മോഹനന്റെ ആവർത്തന പരമ്പരൾക്കിടയിൽ അയാളുടെ നെഞ്ചകത്ത് കവിളമർത്തിക്കിടന്നു. മോഹനൻ ചിരിച്ചു. പതിവിലുപരി അയാൾക്കീ അവസരം കൂടുതൽ വിചിത്രമായിത്തോന്നി. അയാൾ മുടികൾക്കിടയിലൂടെ കൈ പതിയെ ചലിപ്പിച്ച് തലോടി.
'സുമിത്രെ, നിനക്ക് പ്രണയം എന്താന്നറിയോ'
'എന്താ'
'സത്യം പറഞ്ഞാൽ എനിക്കുമറിയില്ല'
അയാൾ ചിരിക്കാൻ ശ്രമിച്ചു.
'കോളറക്കാലത്തെ പ്രണയമറിയാമോ'
'ഇല്ല'
മോഹനൻ കഥപറഞ്ഞുതുടങ്ങി. വരി അവസാനിക്കുന്നിടം തെല്ലൊന്നാലോചിച്ച് തെറ്റില്ലെന്നുറപ്പുവരുത്തി. തുടർക്കഥ അൽപ്പം ഓർമയിലിരുത്തി അയാൾ കഥ വീണ്ടെടുക്കുന്നു. ഇടക്ക് സുമിത്ര അംഗീകാരമെന്ന നിലയിൽ മൂളുന്നു. കഥ തുടരുന്നതിനിടെ സുമിത്രയുടെ മൂളലുകൾ നിശ്ചലമായി, ശരീരവും. മോഹനൻ പണിപ്പെട്ട് കുലുക്കിയതിലും അനക്കമില്ല. അന്നേരം സുമിത്രയെത്തേടി അടുത്തൊരു ഇളം തെന്നൽ അന്വേഷണാർത്ഥം വന്നു. കണ്ണടച്ച് മോഹനനും ഉറക്കം നടിച്ചതോടെ കാറ്റ് തിരിച്ചുപോയ ഭാവത്തിൽ മോഹനൻ സുമിത്രയെ വീണ്ടും പേര് വിളിച്ചു.
'എന്താ മോഹനേട്ടാ'
നിരാശയിൽ കമിഴ്ന്നുകിടക്കുന്നതിനിടെ സുമിത്ര മൊഴിഞ്ഞു.
'നീ എന്നെ പേടിപ്പിച്ചല്ലോടീ പെണ്ണേ.'
തെല്ലൊരു ഭയത്തിൽ അയാൾ മറുപടി ആരാഞ്ഞു.
'ഞാൻ നന്നേ ഉറക്കമായിരുന്നു'.
'ഉം'
'കോളറക്കാലത്തെ പ്രണയം ഇനി പിന്നെ'
'ഉം ശരി'
അവൾ കൈകളിൽ മുഖം അമർത്തി ഉറക്കത്തിനൊരുങ്ങി. ഒരു നെടുനിശ്വാസത്തിൽ അയാൾ കഴിഞ്ഞതെല്ലാം മറന്നു. രാക്കഥയും, റേഡിയോയും പ്രണയവും എല്ലാം. പക്ഷെ, ഗബ്രിയേലിന്റെ വാക്കുകൾ അയാൾ മറന്നതേയില്ല. അയാൾ വരികൾ ആവർത്തിച്ചു. പതിയെ എന്തോ കാര്യമായ ആലോചനക്കിടയിൽ ഉറക്കത്തിൽ വീണത് മോഹനൻ തീരെ അറിഞ്ഞില്ല.
അതിരാവിലെത്തന്നെ സുമിത്രക്ക് കാര്യമായ എന്തോപണിയുണ്ടെന്ന് ഒറ്റനോട്ടത്തിൽ മോഹനൻ മനസ്സിലാക്കിയെടുത്തു. അടുക്കളമുറ്റത്ത് പണികൾ തകൃതിയയിൽ നടക്കുന്നുണ്ട്. വാതിലുകളുടനീളം അവൾ മിന്നിമറയുന്നത് വാട്സാപ്പിൽ കുത്തിക്കളിക്കുന്നതിനിടയിൽ ചിലപ്പോഴൊക്കെ ഞാൻ ശ്രദ്ധിച്ചു. അരയിൽ കെട്ടിയ ഷാൾ അഴിഞ്ഞുവീഴുന്ന പാടെ അവൾ മുറിക്കിയെടുക്കുന്നു. ചിലപ്പോൾ മോഹനൻ പരിസരങ്ങളിലുണ്ടോ എന്ന് എന്തോ ഒരുദ്ദേശ്യത്തിൽ ഉറപ്പുവരുത്തുന്നുമുണ്ട്. ആര് ഫോണിൽ വിളിച്ചാലും പെട്ടന്നുതന്നെ അത് കട്ടാക്കിക്കളയുന്നു.
എന്റെ പ്രാഥമിക സംസാരമാധ്യമമായ ചെറിയ കുരകുരച്ച് അയാൾ അടുക്കളയിലേക്ക് വന്നത് സുമിത്രക്കൊട്ടും ശല്യമായിത്തോന്നിക്കാണില്ല. ഇന്നലെ നടന്നതെല്ലാം അവൾ പാടെ മറന്നുകാണുമെന്ന വിശ്വാസത്തിൽ അയാൾ അവൾക്കടുത്തുനിന്നു. അല്ലെങ്കിലും അങ്ങനെയാണ്. 'ഓരോ വാക്കും അമൂല്യമാണ്. കുറിയിൽ കൊള്ളുന്ന ഏതുവാക്കും മനസ്സിനെ പിടിച്ചുലക്കും. അതിന്റെ ആവർത്തനങ്ങളിൽ ആസ്വാദനം നേടിയെടുക്കുന്നവരുണ്ട്, ദേഷ്യത്തിൽ വലിച്ചെറിയുന്നവരുണ്ട്, ഒരു ദാമ്പത്യത്തിനെ കടന്നാക്രമിക്കാൻ മാത്രം അതിന് മൂർച്ചയുണ്ട്.' ഇത്രയൊക്കെ ചിന്തിച്ചൊപ്പിച്ചതെന്തിന്? മോഹനൻ അനാവശ്യമായി തന്നോടുതന്നെ ചോദിച്ചു. എല്ലാം കഴിഞ്ഞ് സുമിത്ര കുളിച്ചുവന്ന് ഡൈനിംഗ്ഹാളിലേക്ക് നടന്നു. ഇന്നലെ പൊട്ടിയ റേഡിയോയുടെ ചില്ലുകഷ്ണങ്ങൾ യാതൊരു പ്രതികരണമില്ലാതെ അവൾ പെറുക്കിയെടുത്തു. റേഡിയോയുടെ ശേഷിക്കുന്ന യാന്ത്രികതകൾ ശരിയാണെന്നുറപ്പുവരുത്തി നിൽക്കെ മോഹനൻ കടന്നുവന്നു.
'എടീ അങ്ങേലെ മാധവേട്ടൻ നിന്നോട് വല്ലതും പറഞ്ഞാർന്നോ?'
'ഇല്ല എന്ത്യേയ്'
'ഏയ്'
'നീയാ റേഡിയോ ഇങ്ങെടുത്തേ'
'ഉം'
സുമിത്ര അതീവസഫേബഫന്താഷത്തോടെ റേഡിയോ വളരേ സൂക്ഷിച്ച് മോഹനന് കൊടുത്തു. അയാൾ അതുകൊണ്ട് മാളികയിലേക്ക് പോകുന്നതുമാത്രം സുമിത്ര കണ്ടു. പുസ്തകക്കെട്ടുകളിൽ സുമിത്ര പലതും തിരഞ്ഞു. 'കോളറക്കാലത്തെ പ്രണയം' ശ്ശെ ഇതെവിടെക്കിടക്കുവാ. സുമിത്ര ഇടക്കിടെ അതുതന്നെ പറഞ്ഞു. ഇടക്കെപ്പെഴോ സുമിത്രയുടെ കൈകളിൽ പുസ്തകം തടഞ്ഞു. തികഞ്ഞ സന്തോഷത്തോടെ അവളത് വലിച്ചെടുത്ത് റൂമിലൊരു മൂലയിലിടം പിടിച്ചു. മോഹനന്റെ ഇഷ്ടവരികൾ തെരഞ്ഞെടുത്ത് അവളത് വായിച്ചുതുടങ്ങി. 'i have waited for this...' അവളുമാർത്തിച്ചു. മോഹനൻ കുലുങ്ങിച്ചിരിച്ചു. തൊട്ടടുത്ത നിമിഷത്തിൽ റേഡിയോ ഇടകലർപ്പില്ലാതെ സംസാരിക്കുന്നത് സുമിത്ര കേട്ടു. സുമിത്ര ചിരിച്ചു. റേഡിയോ സംപ്രേഷണത്തിനൊപ്പം മോഹനനും പാടി.
'ശൂന്യമാം ഹൃദയത്തിലേക്കൊരു
തഴുകലായ് നീ വന്നനേരം
അറിയാതെ ഞാൻ മോഹിച്ചു ഇവളെന്റെ
സ്വന്തമായെങ്കിലോ'
♦ ശുഭം ♦
No comments