എൻ്റെ ഓരോ രാത്രിയും പകലും കടുത്ത ഉത്കണ്ഠയോടെയാണ് കടന്നുപോകുന്നത്; തിഹാറിൽ നിന്ന് ഉമർ ഖാലിദ്

അനിർബൻ ബട്ടാചാര്യ, ബനോജ്യോത്സ്ന ലാഹിരി

വിവ: ജഫിൻ കൊടുവള്ളി

തിഹാർ ജയിലിനകത്തെ എന്റെ കോവിഡ് ക്വാറൻ്റൈൻ അവസാനിച്ച് രണ്ട് ദിവസത്തിന് ശേഷം, കൊറോണ വൈറസ് മൂലം ഞങ്ങളുടെ സഹപ്രതി നതാഷയുടെ പിതാവ് മഹാവീർ നർവാൾ മരണപ്പെട്ടുവെന്ന ഭീതിതമായ വാർത്ത ഞാൻ വായിച്ചു.

മഹാവീർജിയെ എനിക്ക് അറിയില്ലായിരുന്നു. എന്നാൽ, കഴിഞ്ഞ വേനൽക്കാലത്തെ നതാഷയുടെ അറസ്റ്റിനെത്തുടർന്ന് അദ്ദേഹം നൽകിയ ചില അഭിമുഖങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. തന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം അത്യന്തം ദുഷ്കരമായ ഒരു ഘട്ടമായിരുന്നിട്ട് കൂടി അങ്ങേയറ്റം സമചിത്തതയോടെയും അന്തസ്സോടെയുമാണ് അദ്ദേഹം പ്രതികരിച്ചത്. നതാഷ അറസ്റ്റുചെയ്യപ്പെട്ട 'കലാപഗൂഢാലോചന' എന്ന പരിഹാസ്യമായ ആരോപണങ്ങളിൽ താഴ്ന്നമരുന്നതിന് പകരം, തൻ്റെ മകളിൽ അഭിമാനം കൊള്ളുന്നുവെന്ന് പ്രസ്താവിച്ച അദ്ദേഹം അവളുടെ ആക്ടിവിസമെന്ന പോലെ നിരപരാധിത്വത്തെയും ഉയർത്തിക്കാട്ടി. വ്യസനത്തിൻ്റെയും വിരഹത്തിൻ്റെയും ഈ മണിക്കൂറുകളിൽ എന്റെ ഹൃദയം നതാഷക്കരികിലേക്ക് നടക്കുകയാണ്. അവളുടെ ആധിയും വേദനയും സങ്കൽപ്പിക്കുക പോലും ക്ലേശകരമാണ്.

ജയിലിലെ ജീവിതം സാധാരണ സമയങ്ങളിൽ പോലും വളരെ ദുർഘടമാണ്. മിക്കപ്പോഴും ഒരു ദിവസം 20 മണിക്കൂറിലധികം പൂട്ടിയിടപ്പെടുന്ന ഞാൻ കഴിഞ്ഞ എട്ട് മാസമായി ഒരു സെല്ലിൽ ഏകനായി കഴിയുന്നു. എന്നാൽ, നിലവിലെ ആരോഗ്യപ്രതിസന്ധി ജയിൽ ജീവിതത്തിലെ പ്രതിസന്ധികൾ പലമടങ്ങ് വർദ്ധിപ്പിച്ചിരിക്കുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ, കോവിഡ് -19ന്റെ രണ്ടാം തരംഗം രാജ്യത്തെ അതിഭീതിതമായി വരിഞ്ഞുമുറിക്കിയതിനാൽ, കടുത്ത ഉത്കണ്ഠയോടെയല്ലാതെ ഒരു പകലോ രാത്രിയോ എൻ്റെ സെല്ലിൽ കടന്നുപോയിട്ടില്ല - കുടുംബത്തെയും പ്രിയപ്പെട്ടവരെയും കുറിച്ച് സദാ ആകുലനായിരുന്നു ഞാൻ. അധികം ചിന്തിച്ച് മനസംഘർഷമുണ്ടാകാതിരിക്കാൻ മനസ്സിനെ സ്വയം വ്യതിചലിപ്പിക്കാൻ ശ്രമിക്കുന്ന ഒരാളെന്നിരിക്കിലും, ദിനംപ്രതി പുലർകാലത്ത് പത്രങ്ങൾ കൊണ്ടുവരുന്ന മരണത്തിന്റെയും നിരാശയുടെയും വാർത്തകൾ മറ്റ് ചിന്തകളൊന്നുമേ സാധ്യമാവാത്ത വണ്ണം എന്നെ വലയംചെയ്യുന്നു. അത്തരം നിമിഷങ്ങളിൽ, ശ്വാസംമുട്ടുന്ന പോലെ തടവറ ചുരുങ്ങുന്നതായും തടങ്കൽഭയം അരിച്ചുകയറി മനസ്റ്റും ശരീരവും കവരുന്നതായും അനുഭവപ്പെടുന്നു.

വീട്ടിൽ നിന്ന് വല്ലതും ശ്രവിക്കാൻ, അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള പ്രതിവാര ഫോൺസംഭാഷണത്തിനോ ആഴ്ചയിൽ രണ്ടുതവണ സാധ്യമാകുന്ന പത്ത് മിനിറ്റ് വീഡിയോ കോളിനോ വേണ്ടി അത്യാർത്തിയോടെ ഞാൻ കാത്തിരിക്കുന്നു. എന്നാൽ ഞങ്ങൾ ഏതാണ്ട് സംസാരിച്ചുതുടങ്ങവെ തന്നെ ടൈമർ ശബ്ദിക്കുകയും കോൾ അവസാനിക്കുകയും ചെയ്യും. വീട്ടിലേക്കുള്ള അത്തരം കോളുകൾക്ക് മുമ്പൊരിക്കലും ഞാൻ സെക്കൻഡുകളോരോന്നിൻ്റെയും മൂല്യം ഇത്രമേൽ ഗ്രഹിച്ചിരുന്നില്ല.

ഏപ്രിൽ പകുതിയോടെ എന്റെ മാതാവടക്കം നിരവധി ബന്ധുക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഞാനറിഞ്ഞു. ആര്യോഗസ്ഥിതി കൂടുതൽ വഷളായിരുന്ന അമ്മാവൻ്റെ ഓക്സിജൻ അളവ് ഗണ്യമായി കുറയുഞ്ഞതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശേഷം ഐ.സി.യുവിലേക്ക് മാറ്റുകയുമുണ്ടായി. വീട്ടിലെ ആരോഗ്യസംഭ്രമങ്ങൾക്കിടെ, ഒരു ദിവസം രാവിലെ സുഖമില്ലാതെയാണ് ഞാൻ ഉണർന്നത് - എനിക്ക് പനിയും ഭയങ്കരമായ ശരീരവേദനയും അനുഭവപ്പെട്ടു. കോവിഡ് പരിശോധനയ്ക്കായി ജയിൽ ഒ.പി.ഡിയിലേക്ക് ഓടിയെത്തിയെങ്കിലും ഒത്തിരി മരുന്നുകളുമായി അവർ എന്നെ തിരിച്ചയച്ചു. ആറ് ദിവസത്തെ രോഗലക്ഷണങ്ങൾക്കും ഒരു കോടതി ഉത്തരവിനും ശേഷം, ഞാൻ ടെസ്റ്റിന് വിധേയനാകുകയും കോവിഡ് സ്ഥിരീകരിക്കുകയുമുണ്ടായി.

എന്നിരുന്നാലും, വൈറസ് സ്ഥിരീകരിച്ച ശേഷം ആവശ്യമായ വൈദ്യസഹായങ്ങളെല്ലാം ലഭിക്കുകയും ക്വാറൻ്റൈനിൽ പ്രവേശിക്കുകയും ചെയ്തു. എന്നാൽ, പ്രിയപ്പെട്ടവരിലേക്കുള്ള എൻ്റെ പ്രതിവാര ഫോൺകോളുകളുടെ നിഷേധം കൂടി ക്വാറൻ്റൈൻ കൊണ്ട് വിവക്ഷിക്കപ്പെട്ടിരുന്നു. വീട്ടിലെ സാഹചര്യമെന്തെന്ന് സെല്ലിനകത്ത് നിസ്സഹായതോടെ ശങ്കിച്ചിരുന്ന ഞാൻ ഒടുവിൽ കോവിഡ്-19ൽ നിന്ന് മുക്തനായി.

ഈ പ്രക്രിയ തന്നെ ശിക്ഷയാണ്

കോവിഡ് -19 മൂലം തടവുകാർക്ക് നൽകുന്ന ഇടക്കാലജാമ്യത്തിൽ (അടിയന്തരപരോൾ) കഴിഞ്ഞവർഷത്തെ പോലെ ഇത്തവണയും പ്രതീക്ഷയർപ്പിച്ചു കൊണ്ടാണ് ദില്ലി ഹൈക്കോടതി ഈ വിഷയത്തിൽ നിയോഗിച്ച ഉന്നതാധികാരസമിതിയെക്കുറിച്ച് ക്വാറൻ്റൈനിൽ ആയിരിക്കെ ഞാൻ വായിച്ചത്. എന്നാൽ, യു‌.എ‌.പി‌.എ പ്രകാരം അറസ്റ്റുചെയ്യപ്പെട്ടർക്ക് ഏതെങ്കിലും ഇടക്കാല സമാശ്വാസത്തിന്(ജാമ്യം) പോലും അർഹതയില്ലെന്ന് കഴിഞ്ഞ വർഷത്തെ അനുഭവത്തിൽ നിന്നും ഞാൻ ഗ്രഹിച്ചെടുത്തുതും തീർച്ചപ്പെടുത്തിയതുമായിരുന്നു.

മുറപ്രകാരമുള്ള ജാമ്യം നേടുകയെന്നത് മാത്രമാണ് ഞങ്ങൾക്ക് കുടുംബങ്ങളിലേക്ക് മടങ്ങാനുള്ള ഏക പോംവഴി. പൂർണ്ണമായും അസാധ്യമല്ലെങ്കിൽ പോലും, യു‌എ‌പി‌എ വ്യവസ്ഥകൾക്കനുസരിച്ച് സമീപഭാവിയിൽ ജാമ്യം ലഭിക്കുക പ്രയാസകമാണ്.

ഒരു നിയമമെന്ന നിലയിൽ, ജാമ്യം ചട്ടവും ജയിൽ അപവാദവുമാണെന്ന സുപ്രീംകോടതി നിരീക്ഷണത്തെ പരിഹസിക്കുകയാണ് യു.എ.പി.എ. ഫലത്തിൽ, ജാമ്യം ലഭിക്കാൻ പോലും കുറ്റാരോപിതനായ ഒരു വ്യക്തി അവരുടെ നിരപരാധിത്വം തെളിയിക്കുകയും തദ്ഫലമായി അനുമാനിക്കപ്പെട്ട ഒരു അപരാധത്തിൻ്റെ മേൽ കേസ് നടത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്ന യു.എ.പി‌.എ ഈ തത്ത്വത്തെ തലകീഴ്മറിക്കുകയാണ്. അതും വിചാരണയുടെ പ്രയോജനങ്ങളേതുമില്ലാതെ.

ദീർഘകാലം നീണ്ടുനിൽക്കുന്ന ഒരു വിചാരണയ്ക്ക് ശേഷം മാത്രമേ ഞങ്ങൾക്ക് മോചനം പ്രതീക്ഷിക്കുക പോലും സാധ്യമാകുകയുള്ളൂ എന്ന് തോന്നുന്നു. കഴിഞ്ഞ 14 മാസമായി, ഞങ്ങളുടെ കേസിലെ ആദ്യ അറസ്റ്റിന് ശേഷം, ഇക്കാലമത്രയും വിചാരണ പോലും ആരംഭിച്ചിട്ടില്ല. ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ പോലും ഇതുവരെ ഒരവസരം കൈവന്നിട്ടില്ല. ഈ ‘ഗൂഢാലോചന’ കേസിൽ അറസ്റ്റിലായ ഞങ്ങൾ 16 പേരും വിചാരണയ്ക്ക് മുമ്പുള്ള തടങ്കലിലാണ്. നിരവധി ജഡ്ജിമാർ, അഭിഭാഷകർ, കോടതി ഉദ്യോഗസ്ഥർ തുടങ്ങിയവർ അസുഖബാധിതരാകുന്നതിനാൽ നടപടികൾക്രമങ്ങൾക്ക് കൂടുതൽ കാലംതാമസം സൃഷ്ടിക്കുകയാണ് കോവിഡ് മഹാമാരി.

വ്യക്തമായും, ഈ നീണ്ടപ്രക്രിയ തന്നെ സ്വയമേ ഒരു ശിക്ഷയാണ്. സാധാരണ സമയങ്ങളിൽ തന്നെയും മന്ദഗതിയിൽ നീങ്ങുന്ന ഈ നടപടിക്രമങ്ങൾ ഇന്നത്തെ അവസ്ഥയിൽ അതിക്രൂരമായിത്തീർന്നിരിക്കുന്നു.

ഞാൻ മോചിതനായിരുന്നുവെങ്കിൽ

ഇന്ന് നിലനിൽക്കുന്ന അസാധാരണസാഹചര്യങ്ങൾ പരിഗണിച്ച് സർക്കാർ രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കുമോ? എനിക്ക് അത്തരം പ്രതീക്ഷകളൊന്നുമില്ല. കാരണം, പ്രതിഷേധങ്ങൾ നിയന്ത്രിക്കപ്പെടുകയും മാധ്യമശ്രദ്ധ മുഴുക്കെയും ആരോഗ്യരംഗത്തും സാമ്പത്തികപ്രതിസന്ധിയിലും കേന്ദ്രികൃതമാകുകയും ചെയ്ത കഴിഞ്ഞവർഷത്തെ മഹാമാരിയുടെ അസാധാരണഘട്ടങ്ങൾ, പൗരത്വഭേദഗതി നിയമത്തിൻ്റെ ഭരണഘടനാവിരുദ്ധതയെക്കുറിച്ച് ശബ്ദമുയർത്തിയ ഞങ്ങളിൽ പലരെയും തടവറയിലടക്കാൻ സർക്കാരിന് ഒരു പുകമറ സൃഷ്ടിച്ചു നൽകുകയായിരുന്നു.

ഇന്ന് ഞങ്ങൾ സ്വതന്ത്രരായിരുന്നുവെങ്കിൽ ജീവിതം എങ്ങനെയായിരിക്കുമെന്ന് ഞാൻ ചിന്തിക്കാറുണ്ട് - ദുരിതമനുഭവിക്കുന്നവരിലേക്ക് അവരുടെ സ്വത്വം കണക്കിലെടുക്കാതെ, സഹാനുഭാവത്തോടെയും ഐക്യദാർഢ്യത്തോടെയും ഞങ്ങൾ ഇറങ്ങിച്ചെല്ലുമായിരുന്നു. എന്നാൽ, ഇവിടെ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ ഞങ്ങൾ തളർന്നമരുകയാണ് - രോഗം, വ്യാകുലതകൾ, നതാഷയുടെ കാര്യത്തിലാണെങ്കിൽ വ്യക്തിപരമായ വിപത്ത്, തുടങ്ങിയവയോടെല്ലാം ഞങ്ങൾ പൊരുതുന്നു.

മനുഷ്യജീവനുകൾ കവർന്നെടുക്കുന്നതോടൊപ്പം, കോവിഡ് മഹാമാരി കഴിഞ്ഞ 14 മാസമായി ജനങ്ങളുടെ മാനസികാരോഗ്യത്തെയും സാരമായി ബാധിക്കുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയത്തടവുകാരെക്കുറിച്ചും ഞങ്ങളുടെ കുടുംബങ്ങളെക്കുറിച്ചും ജനങ്ങൾ വിചിന്തനം നടത്തണമെന്ന് ഞാൻ കാംക്ഷിക്കുന്നു; കോവിഡ്-19ൽ നിന്നെന്ന പോലെ തൻ്റെ മകൾ മോചിതയായി കാണാനുള്ള ഒരു വർഷം നീണ്ട വേദനാജനകമായ കാത്തിരിപ്പിൽ നിന്നും അത്യധികം ദുരിതമനുഭവിച്ച മഹാവിർ നർവാളിനെക്കുറിച്ചും. അന്ത്യനിമിഷങ്ങളിൽ പിതാവിനൊപ്പം ജീവിക്കാൻ കഴിയാത്ത, സംസ്കാരച്ചടങ്ങിൻ്റെ മൂന്നാഴ്ചക്കിപ്പുറം തന്നെ തടവറക്കകത്തേക്ക് മടങ്ങേണ്ടി വന്ന നതാഷയെക്കുറിച്ചും ജനങ്ങൾ ചിന്തിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു.

(കടപ്പാട്: ദ് പ്രിൻ്റ്)

No comments

Theme images by mammuth. Powered by Blogger.