'പ്രിയപ്പെട്ട ബാപ്പ'; മുനവ്വറലി തങ്ങൾ ബാപ്പയെ ഓർക്കുമ്പോൾ

〡തശ്‌രീഫ്‌ കിടങ്ങയം〡

പിതാവിനെ സ്നേഹിക്കാത്തവരും ഓർക്കാത്തവരും അപൂർവമാണ്. ഹൃദയത്തിൽ കളങ്കമില്ലാത്ത പിതാവിൻ്റെ ഓർമകൾ ഒത്തിരി പറയാൻ കൊതിക്കാത്തവരാരുമില്ല. കേരളത്തിന്റെ ഹൃദയത്തിലെന്നും മായാമുദ്രയായി തെളിയുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ  മറക്കാത്ത ഓർമകൾ പങ്കുവെക്കുകയാണ് മകൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ.
തിരക്കുകൾക്കിടയിലും മക്കളെ സ്നേഹിച്ചും ലാളിച്ചും ജീവിച്ചു കാണിച്ച ആ മഹാനായ പിതാവിന്റെ ഓർമകൾക്ക് മുന്നിൽ ആരുമൊന്ന് തല കുനിക്കും. ജീവിതത്തിൽ താങ്ങായും തണലായും നിന്നിരുന്ന പ്രിയതമ ശരീഫാ ഫാത്തിമാ ബീവിയുടെ ഓർമകൾക്കൊപ്പം തങ്ങൾ ഏറെ സ്നേഹിച്ച യാത്രകളുടെയും വായനയുടെയും ഓർമച്ചെപ്പാണ് 'പ്രിയപ്പെട്ട ബാപ്പ' എന്ന കൃതി.
ലോകത്തിൻ്റെ വിവിധ ദിശകളിലേക്ക് യാത്ര ചെയ്ത തങ്ങൾ പലപ്പോഴും ഏറെ ആസ്വദിച്ച യാത്രകൾ കുറിച്ചു വെക്കുന്ന ശീലവും പതിവായിരുന്നു. തങ്ങളിഷ്ടപ്പെട്ട ഭക്ഷണങ്ങളുടെയും, നട്ടുവളർത്തിയ സസ്യങ്ങളുടെയും കുറിപ്പുകളും അനുഭവങ്ങളും കൂടി അയവിറക്കുന്നുണ്ട്. മുനവ്വറലി തങ്ങൾ മലേഷ്യയിൽ പഠിച്ചിരിക്കുന്ന കാലം, ബാപ്പ അവിടെ സന്ദർശനത്തിയപ്പോൾ അവിടെ നിന്നും 'ബോൺസായി' ചെടികൾ കൊണ്ടുവന്ന് നട്ടതായും പറയുന്നു. തങ്ങൾക്ക് 'ബോൺസായി' ചെടികളോടുള്ള അതിയായ താത്പര്യവും തങ്ങളുടെ പ്രകൃതിയോടുള്ള ഇണക്കവും പുസ്തകത്തിലൂടെ മനസ്സിലാക്കാം.
തങ്ങളെ സന്ദർശിക്കാനും അവിടുത്തെ അനുഗ്രഹത്തിനുമായി എത്തുന്നവരുടെ അനുഭവങ്ങളും അവർ പങ്കുവെക്കുന്ന ഓർമകളിലൂടെയുമാണ് ബാപ്പയുടെ യഥാർത്ഥ ജീവിതം മക്കൾ പോലുമറിയുന്നത്. പാതിരാത്രി പോലും മലർകെ തുറന്നിട്ട കൊടപ്പനക്കൽ വാതിലിൽ നിന്നും ധാരാളം പഠിക്കാനുണ്ട്. തിരക്കിട്ട ജീവിതങ്ങൾക്കിടയിലും കൊടപ്പനക്കൽ തറവാട്ടിലെന്നും ശാന്തിദീപമായി ജ്വലിച്ചുനിന്ന തങ്ങളുടെ ഓർമകളിൽ ഇന്നും ലോകം തലയുയർത്തുന്നു.
നന്മ മരച്ചുവട്ടിൽ തണലേകാൻ വന്നവർ ധാരാളം, പൂത്തുനിന്ന പുഷ്പം പറിക്കാൻ കാത്തു നിന്നവർ അനേകം, പഴുത്തു പാകമായ  അതിലെ  ഫലങ്ങൾ  കൊത്തി തിന്നാൻ വന്ന പറവകളും ധാരാളം. ആരെയും നിരാശരാക്കിയിട്ടില്ല. ചോദിച്ചെതെല്ലാം നൽകി സന്തോഷിപ്പിച്ച ആ മഹാനുഭാവൻ്റെ വിയോഗം  തീരാനഷ്ടമായിരുന്നു. ജനമനസ്സുകളിൽ ഇന്നും മായാമുദ്രയായി  ജീവിച്ചിരിക്കുന്ന ആത്മീയ നേതാവിൻ്റെ ഓർമക്കൂടാണ്
സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ രചിച്ച 'പ്രിയപ്പെട്ട ബാപ്പ'.


mhdtheshreef@gmail.com
7034170082

No comments

Theme images by mammuth. Powered by Blogger.