"മുഹമ്മദ്": പ്രവാചക പ്രകീർത്തനങ്ങളുടെ മഷിപ്പാത്രം

〡തശ്‌രീഫ്‌ കിടങ്ങയം〡

മാര്‍ട്ടിന്‍ ലിങ്‌സ് രചിച്ച 'മുഹമ്മദ്' വിശ്വാസികള്‍ക്കും വിജ്ഞാനകുതുകികള്‍ക്കും വിശ്വപ്രഭയും ആത്മീയ നിര്‍വൃതിയും നല്‍കുന്ന അമൂല്യ ഗ്രന്ഥമാണ്. അക്രമവും അരാജകത്വവും അഴിഞ്ഞാട്ടം നടത്തിയിരുന്ന അറേബ്യന്‍ മരുപ്പച്ചയിലേക്ക് വഴിവെളിച്ചമായി കടന്നുവന്ന പ്രവാചകന്റെ ജനനവും വഫാത്തും കൃത്യമായി വരച്ചുകാട്ടുന്ന ഗ്രന്ഥം കൂടിയാണ് 'മുഹമ്മദ്'.

മക്കാ താഴ്‌വരയില്‍ ജനിച്ചുവളര്‍ന്ന പ്രവാചകന്റെ വിശേഷങ്ങളും സ്ഥിതിഗതികളും പരിശുദ്ധ ഖുര്‍ആനിക വചനങ്ങളിലൂടെയും ഹദീസ് വാക്യങ്ങളിലൂടെയുമാണ് ഗ്രന്ഥകാരന്‍ ക്രോഡീകരിച്ചിട്ടുള്ളത്. പ്രവാചക ജനന സമയത്തുണ്ടായ അദൃശ്യ സംഭവങ്ങളും വഫാത്തിന്റെ സമയത്തുണ്ടായ അത്ഭുതസിദ്ധികളും കോര്‍ത്തിണക്കിയുള്ള ഒരാത്മീയ നിര്‍വൃതിയാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം.

മരുഭൂമണല്‍ക്കാറ്റ് തണുക്കുമ്പോള്‍
ചുട്ടുപൊള്ളുന്ന മരുഭൂമണല്‍ക്കാറ്റ് പ്രവാചക ജനനത്തോടെ തണുക്കുന്നത് യാഥാര്‍ത്ഥ്യമാണ്. അനാഥനായതിന്റെ പേരില്‍ മുലയൂട്ടാന്‍ ആരും സമ്മതിക്കാത്ത അവസരത്തില്‍ ഹലീമ ബീവി(റ)യുടെ കരങ്ങള്‍ ആ ആത്മീയ തേജസ്സിനെ തേടിയെത്തിയപ്പോള്‍ ബീവിക്ക് എന്തെന്നില്ലാത്ത അനുഗ്രഹങ്ങള്‍ നാഥന്‍ വരദാനമായി കൊടുത്തുവെന്നതും യാഥാര്‍ത്ഥ്യമാണ്. ഹലീമാ ബീവി(റ)യുടെ കുടുംബത്തിലും സമ്പത്തിലും പ്രവാചകനെ മുലയൂട്ടിയപ്പോഴുണ്ടായ ആധിക്യവും ഐശ്വര്യവും ഗ്രന്ഥകാരന്‍ ചേര്‍ത്തുവെക്കുന്നു.

പ്രവാചകനെ അവഗണിക്കുകയും പ്രവാചക ജീവിതത്തെ അവഹേളിക്കുകയും ചെയ്യുന്ന കാലത്ത് പ്രവാചക ജീവിതത്തിന്റെ രഹസ്യവും പരസ്യവുമായ ഉള്ളറകളിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടമാണ് 'മുഹമ്മദ്'. പ്രവാചകന്‍ സ്ത്രീ ലംബടനാണെന്നും ഉമ്മുസലമ ബീവിയെ തന്റേതായ ആവശ്യങ്ങള്‍ക്ക് മാത്രമാണ് ത്വലാഖ് ചൊല്ലിയതെന്നുമടക്കമുള്ള ഓറിയന്റലിസ്റ്റ് വാദങ്ങളെയും ചിന്താധാരകളെയും പൊളിച്ചടുക്കുന്ന ആഖ്യാന ശൈലിയാണ് മാര്‍ട്ടിന്‍ ലിങ്‌സിന്റേത്.

നൂറ്റാണ്ടുകള്‍ ഏറെയായിട്ടും പ്രവാചക പ്രകീര്‍ത്തനങ്ങള്‍ക്ക് മങ്ങലേറ്റിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. വിശ്വപ്രവാചകന്‍ മുഹമ്മദ് (സ്വ) യുടെ  മേല്‍ അജ്ഞതയുടെ ശരം എയ്തുവിടുന്ന വര്‍ഗീയ വാദികളുടെ മനസ്സാന്തരങ്ങളിലേക്ക് ഈ പുസ്തകം ആഴ്ന്നിറങ്ങുന്നു. അരാജകത്വം നിലയുറപ്പിച്ച കാലത്ത് മാനുഷിക മൂല്യങ്ങളെ തിരിച്ചു പിടിച്ച് മനുഷ്യത്വത്തിന്റെ സര്‍വ്വ മണ്ഡലങ്ങളും കോര്‍ത്തിണക്കിയ ആ മഹദ് ജീവിതം വാക്കുകളിലോ വരികളിലോ അവസാനിക്കുന്നില്ല...


mhdtheshreef@gmail.com
7034170082

No comments

Theme images by mammuth. Powered by Blogger.