ജീവിതം


ജന്മദൂതൻ
ആദ്യ വിസിലൂതിയത്
മുതൽ, തുടങ്ങിയതാണീ
ആശ പൂത്ത പന്തിന്
പിന്നാലെയുള്ള ഓട്ടം

കുമ്മായവരക്കുള്ളിൽ
പ്രതിസന്ധികൾ തീർത്ത
ഡിഫന്റർമാരെ അനേകം
തവണ കണ്ടിട്ടുണ്ട്

കൂവി വിളിക്കുന്ന 
കാണികൾക്കുമുന്നിലും 
പതറാതെ 
എടുത്തുചാടുന്ന
ഗോൾ കീപ്പർക്ക് പിന്നിൽ
തളരാതെ

എന്റെ സ്വപ്നങ്ങളും 
പലതവണ 
നൈലോൺ വലയിൽ
താണിറങ്ങിയിട്ടുണ്ട്

ഒടുക്കം തൊണ്ണൂറാം
മിനുട്ടിൽ, സ്ട്രെച്ചറിൽ
കിടക്കവെ
പ്രതീക്ഷിച്ചിരുന്നില്ല
ഇങ്ങനെയൊരു
മാർച്ചിംഗ് ഓർഡർ!

മോഹം പൂത്തുവിടർന്ന
ഗാലറിക്കുമുമ്പിൽ
ആരാധകക്കണ്ണോടെ 
താരാലങ്കൃതമായ
ആകാശങ്ങൾക്ക് കീഴിൽ

മരണമാലാഖയുടെ
കൈകളിൽ നിന്നും
ഉയർന്നുതാണ 
ആ ചുവപ്പുകാർഡ്!

പര്യവസാനം
പുൽകിയ, എന്റെ
അലക്ഷ്യ ജീവിതം!

〡റബീഅ് കെ.ടി പടിക്കൽ〡

No comments

Theme images by mammuth. Powered by Blogger.