ഘടികാരങ്ങൾ നിലക്കുന്ന സമയം


। സനാദിൽ പി. മേലാറ്റൂർ ।

അവൾ അതിയായി ആഗ്രഹിച്ചിരുന്നു, അതിയായി എന്നുപറഞ്ഞാൽ ഒരു പക്ഷെ കുറഞ്ഞുപോകും. ജീവിതലക്ഷ്യം തന്നെ അതാണെന്ന് പറയേണ്ടിയിരിക്കുന്നു. നിങ്ങൾ വിചാരിക്കുന്നതുപോലെ അവൾ നരബാധിച്ച മുടികൾക്കിടയിലൂടെ കൈ നടത്തുന്ന പടുവൃദ്ധയോ, യുവാക്കൾ കൈക്കുള്ളിലാക്കാൻ കൊതിക്കുന്ന സുന്ദരിയായ യുവതിയോ അല്ല. മറിച്ച് സർവ്വ ആഗ്രഹങ്ങളും നിലച്ചുകൊണ്ട്, എല്ലാം ആഗ്രഹിക്കുന്ന പ്രായത്തിലും ഒന്നും കൊതിക്കാത്ത ഒരു മധുരപ്പതിനേഴുകാരിയാണ്. അവളുടെ പേര്, അല്ല പേര് വേണ്ട അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു.

അവൾക്ക് പക്ഷെ ഇപ്പോഴൊരാഗ്രഹമുണ്ട്, അയാളെ ഒന്നുകാണാൻ. കാണുക എന്നുപറഞ്ഞാൽ അത്രക്കിഷ്ടമായതുകൊണ്ടല്ല, വെറുതെ കാണാനുമല്ല, അയാളെ അവൾക്ക് കാണേണ്ടത് ശവമായിട്ടാണ്. കാരണം, യുദ്ധവും കലാപങ്ങളും അവൾക്ക് ദാരിദ്രങ്ങളെല്ലാം സമ്മാനിച്ചപ്പോഴും തലചായ്ക്കാൻ ഒരിടമായുണ്ടായിരുന്ന അച്ഛനെയാണ് അയാൾ... പ്രതീക്ഷയായുണ്ടായിരുന്ന കൊച്ചുപെങ്ങളെ കടിച്ചുകീറി. തന്റെ മാനം അയാളുടെ കൈകൾക്കുള്ളിൽ കിടന്നുപിടയുമ്പോൾ തനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

'സാർ, താങ്കളെ കാണാൻ ഒരു പെൺകുട്ടി വന്നിട്ടുണ്ട്' വാതിൽക്കൽ നിൽക്കുന്നയാൾ കടക്കണ്ണുകൊണ്ട് ഉള്ളിലേക്ക് നോക്കിപ്പറഞ്ഞു: 'പെൺകുട്ടിയോ! ഓ, വിൽഫ്രഡ് അയച്ചതാവും... കയറ്റിവിട്ടോളൂ'.

അവളകത്തേക്ക് കയറി. അവളെ പക്ഷെ വിൽഫ്രഡ് അയച്ചതായിരുന്നില്ല. അനേകായിരം അമ്മമാരുടെ പ്രാർത്ഥനക്കുത്തരം നൽകാൻ, കുറെ ഭാര്യമാരുടെ ആഗ്രഹം സഫലമാക്കാൻ ദൈവമായിരുന്നു അവളെ അയച്ചത്. ഒരു ആർത്തനാദത്തോടെ അരയിലൊളിപ്പിച്ചുവെച്ച കത്തി തന്നെ പ്രാപിക്കാൻ വരുന്ന മാറിടങ്ങളിലേക്ക് കുത്തിയിറക്കി അവളോടി. അവളുടെ ജീവിതം സഫലമായി. അവൾക്കിനി നാളെയില്ല, വേണമെന്നില്ല, അവളുടെ ഘടികാരം നിലച്ചുകഴിഞ്ഞിരിക്കുന്നു.

⧫ ശുഭം ⧫

No comments

Theme images by mammuth. Powered by Blogger.