ജാഗ: പുതുതലമുറ വായിച്ചറിയേണ്ട കാമ്പസ് നോവൽ

〡മുഹമ്മദ് തശ്‌രീഫ്‌ പന്തല്ലൂർ〡

കാലിക്കറ്റ് യൂനിവേഴ്സിറ്റി അധ്യാപകൻ എം.ബി മനോജ് സാറിന്റെ കാമ്പസ് രാഷ്ട്രീയവും അനുഭവങ്ങളും കൃത്യമായി വരച്ചിടുന്ന നോവലാണ് 'ജാഗ'. 'ജാഗ' എന്നാൽ  'ഇടം' എന്നാണർത്ഥം. ചെറിയൊരു കൈകുമ്പിളിൽ ഒതുങ്ങുന്ന ഇടം മാത്രമേ ഇന്നും കലാലയങ്ങളിൽ ദളിതർക്കവകാശപ്പെട്ടതായൊള്ളൂ എന്ന് പുസ്തകത്തിന്റെ പുറം താളിൽ തന്നെ വരച്ചു കാട്ടുന്നുണ്ട്.

നോവലിന്റെ പ്രമേയപരിസരം മഹാരാജാസ്‌ കോളേജാണ്. മഹാരാജാസിൽ ചേർന്നതിനു ശേഷം ദളിതർ അനുഭവിക്കുന്ന പീഡനനങ്ങളുടെയും ദു:ഖങ്ങളുടെയും ഒരു സമാഹാരമാണ് ഈ കൃതി. പുരാതന ഇന്ത്യയിൽ കണ്ടിരുന്ന അയിത്തവും തൊട്ടുകൂടായ്മയും കാമ്പസിടങ്ങളിൽ പോലും തഴച്ച് വളരുന്നതിന്റെ നേർക്കാഴ്ച്ചകളൊരുക്കുന്നുണ്ട് നോവൽ.

കൊലപാതക രാഷ്ട്രീയവും കാവി രാഷ്ട്രീയവുമാണ് ഈ നോവലിലും പ്രധാന കക്ഷികളെങ്കിലും നന്മകൾക്കപ്പുറം തിന്മകളോരുന്ന ഓരോ കാമ്പസിനകത്തെയും പാർകളുടെ മുഖമായി അവയെ കാണാനാകും. പഠിക്കാൻ പണമില്ലാതെ കലാലയ മുറ്റത്ത് കാലു കുത്തുന്ന ദളിത് വിദ്യാർത്ഥികളോട് കാണിക്കുന്ന ഈ അക്രമവും ക്രൂരതകളും പുറം ലോകത്തെ അറിയിക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്.

നോവലിൽ പ്രതിപാദിക്കുന്ന വിനയനും,  രവീന്ദ്രനും അനുഭവിച്ച കഷ്ടപ്പാടുകളും ദു:ഖങ്ങളും യാഥാർത്ഥ്യങ്ങളിലേക്ക് ചേർത്ത് വായിക്കേണ്ടതാണ്. അവരുടെ സീനിയറായിരുന്ന അപ്പു, വിജയൻ, നീണ്ടുപോവുന്ന ഈ വിദ്യാർത്ഥിപ്പടയുടെ ദുരന്തങ്ങൾ  വിനയൻ ഡയറി താളുകളിൽ എഴുതിച്ചേർക്കുന്നുണ്ട്.

കറിവേപ്പില ദിനം കലാലയ ജീവിതത്തിൽ എന്നും ഉണങ്ങാത്ത വ്രണമായി ശേഷിക്കുന്ന ഒരനുഭവമാണ്. ജാതിയുടെയും മതത്തിന്റെയും വർണ്ണത്തിന്റെയും പേരിൽ കറിവേപ്പില ദിനത്തിൽ പല വിദ്യാർത്ഥികളും മർദ്ദനത്തിനും ക്രൂരതകൾക്കുമിരയാവുന്നു. ഈ  നൊമ്പരാനുഭവങ്ങളെ ഹൃദയത്തിലോർക്കാത്തവർ വളരെ വിരളമായി കാണും.

അക്ഷന്തവ്യമായ ക്രൂരതകളും അരുതായ്മകളും കാമ്പസ് മുറ്റത്ത് പലരും അഴിച്ചുവിടുമ്പോൾ ആകുലമാവുന്നത് പലരുടെയും പ്രതീക്ഷകളാണ്. സ്വന്തം പഠനത്തിന് പോലും കൃത്യമായ അവസരങ്ങളില്ലാതെ ദുരന്തം പേറി നടക്കുന്ന ദളിത് സമൂഹത്തിന്റെ സ്വപ്നങ്ങൾക്ക് ചിറക് വെക്കാൻ ഒരാളുമില്ല. കാമ്പസ് രാഷ്ട്രീയം പലപ്പോഴും കേട്ടിട്ടുണ്ടെങ്കിലും മനസ്സിൽ കൃത്യമായി തെളിയുന്നത് 'ജാഗ' വായിക്കുമ്പോഴാണ്.

മാർക്സിസത്തിന്റെ സിദ്ധാന്തങ്ങൾക്കും അവരുടെ കാമ്പസ് രാഷ്ട്രീയത്തിനുമെതിരെ ദളിതർ രോഷാകുലരാണെന്ന് 'ജാഗ' നമ്മോട് പറയുന്നു. വരും തലമുറക്ക് കാമ്പസ് രാഷ്ട്രീയത്തിന്റെ  അടിവേരുകളും ഭാവുകങ്ങളും എന്തായിരിക്കണമെന്ന് പഠിപ്പിക്കുന്ന നോവൽ പുതുതലമുറ വായിച്ചറിയേണ്ടതു കൂടിയാണ്.
 
_ mhdtheshreef@gmail.com

No comments

Theme images by mammuth. Powered by Blogger.