ആനന്ദ് തെൽതുംദെ: ഭരണകൂടം ഭയക്കുന്നതെന്തിന്?

∣ ജിഗ്നേഷ് മേവാനി, മീന കന്ദസ്വാമി 
വിവ: ജഫിൻ കൊടുവള്ളി

കോവിഡ് 19 ഭീഷണി അതിവ്യാപകമാവുകയും, ജയിലറകൾ പകർച്ചവ്യാധിയുടെ ഭീതിത ഹോട്ട്സ്പോട്ടുകളാവുകയും, തടവുകാരെയും കുറ്റവാളികളെയും ഇടക്കാല ജാമ്യത്തിലയക്കാൻ സുപ്രീംകോടതി നിർദ്ദേശിക്കുകയും, ലോക്ക്ഡൗണിനെത്തുടർന്ന് രാജ്യമാകെ സ്തംഭിച്ചതിനാൽ ലക്ഷക്കണക്കിന് കുടിയേറ്റത്തൊഴിലാളികൾ ഒറ്റപ്പെട്ട് സ്കൂളുകളിലടക്കം അഭയം പ്രാപിക്കുകയും ചെയ്യുമ്പോൾ, ഒരു വൈറസിനെയും തുരത്താനുതകാത്ത ഒന്നുണ്ട് - ഇന്ത്യയിലെ മുൻനിര ബുദ്ധിജീവികളിലൊരാളായ ഡോ. ആനന്ദ് തെൽ‌തുംദെയ്ക്കെതിരായുള്ള സർക്കാർ പീഡനം.

ഹിന്ദുത്വ നവലിബറൽ ഭരണകാലത്ത് തെൽ‌തുംദെ ഇത്രമേൽ അപകടകാരിയാകുന്നത് എന്തുകൊണ്ടാണ്?

2018ൽ ഭീമ കൊറേഗാവിൽ ആദ്യം അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഹിന്ദുത്വ പ്രവർത്തകരായ സാംബാജി ഭീഡെ, മിലിന്ദ് എക്ബോറ്റെ എന്നിവരിൽ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. എന്നാൽ, വലതുപക്ഷ സംഘപരിവാർ ശക്തികൾ ഈ അന്വേഷണരേഖ ശരിയല്ലെന്ന് വ്യാഖ്യാനിക്കുകയും പകരം ഭീമ കൊറേഗാവിൽ വാർഷിക ബഹുജനസമ്മേളനം നടത്തിയ പുരോഗമന അംബേദ്കറിസ്റ്റ് സംഘടനകളുടെയും ആക്ടിവിസ്റ്റുകളുടെയും കൂട്ടായ്മ എൽഗാർ പരിഷതിനെ വ്യാജമായി മാവോയിസ്റ്റ് ബന്ധം മെനഞ്ഞ് പ്രതിയാക്കുകയുമായിരുന്നു.

മാവോയിസ്റ്റ് സംഘടനകൾ ഇന്ത്യയിൽ നിരോധിക്കപ്പെട്ടവയാണെന്നത് ഒരു പൊതുജ്ഞാനമാണ്. എന്നാൽ എന്തുകൊണ്ടാണ് ഒരു അംബേദ്കറിസ്റ്റ്-ദലിത് അനുസ്മരണ പരിപാടി മാവോയിസ്റ്റ് സംഭവമായി ചിത്രീകരിക്കപ്പെടുന്നത്? ദലിതരെയും അംബേദ്കറിസ്റ്റുകളെയും ലക്ഷ്യം വയ്ക്കുകയും നിയമത്തിന്റെ ആയുധങ്ങളെ അതിന്റെ ഏറ്റവും നീചമായ രൂപങ്ങളിൽ പ്രയോഗിക്കുകയുമെന്ന ദുഷ്ടലാക്കോടെയാണ് ഇത്രയും  വഞ്ചനാപരമായ അജഗജാന്തര ബന്ധം സൃഷ്ടിക്കപ്പെട്ടതെന്ന് സംഭവങ്ങൾ വ്യക്തമായി വിലയിരുത്തുന്ന ഏതൊരാൾക്കും വ്യക്തമാകും.

വേഗവും ന്യായവുമായ വിചാരണയിലാണ് പ്രതീക്ഷയെന്നാണ്  ഗൗതം നവ് ലാഖ കീഴടങ്ങുന്നതിന് മുമ്പ് പറഞ്ഞത്. മറ്റൊരുകാര്യം, ‘മാവോയിസ്റ്റ്’ എന്ന പദം പോലും അതിവേഗം ഉപേക്ഷിക്കപ്പെട്ടുവെന്നതാണ്. ഇത് അതീവപ്രചാരണം സിദ്ധിച്ചതിനാലും രാജ്യത്തെ ആക്ടിവിസ്റ്റുകളുടെ അറസ്റ്റിൽ സമവായമെന്നോണവുമാണ് ഭരണകൂടം ശേഷം “അർബൻ നക്സൽ” എന്ന് മുദ്രവെക്കാൻ തുടങ്ങിയത്.

ഈ സവിശേഷമായ പദാവലി നഗരങ്ങളിലെ ബുദ്ധിജീവികളെയും പ്രവർത്തകരെയും വേട്ടയാടാൻ അവർക്ക് സാധ്യതയൊരുക്കി; ഇടതുപക്ഷവുമായി വിദൂരമായെങ്കിലും അനുഭാവമുള്ള ആരെയും ഈ അർബൻ നക്സൽ വലയിലേക്ക് ആവശ്യാനുസരണം വലിച്ചിടാമെന്നായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഇടതുപക്ഷ ഗൂഢാലോചനയുണ്ടെന്നാരോപിച്ച് തലക്കെട്ടുകളേകാവുന്ന ഒരിടം സംഘടിപ്പിക്കുവാനും ഇതവരെ സഹായിച്ചു. ഈ വ്യാജയിടത്തിന്റെ അടിസ്ഥാനത്തിൽ, ബഹുമാനപ്പെട്ട തൊഴിൽ അഭിഭാഷക സുധ ഭരദ്വാജ്, ഇംഗ്ലീഷ് പ്രൊഫസർ ഷോമ സെൻ, അഭിഭാഷകരായ സുരേന്ദ്ര ഗാഡ്‌ലിംഗ്, വെർനോൺ ഗോൺസാൽവസ്, സാമൂഹിക പ്രവർത്തകനും ഗവേഷകനുമായ മഹേഷ് റാവത്ത്, പത്രപ്രവർത്തകൻ അരുൺ ഫറെയ്റെ, പത്രാധിപർ സുധീർ ധവാലെ, രാഷ്ട്രീയത്തടവുകാരുടെ അവകാശത്തിനായി ശബ്ദിക്കുന്ന റോണ വിൽ‌സൺ, ഉദ്ഘോഷിത ഒക്ടോജനേറിയൻ തെലുങ്കു കവി വരവരറാവു എന്നിവരെ അവർ ഇതിനകം തന്നെ ജയിലിലടച്ചിട്ടുണ്ട്.

പുതുതായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയ ആക്ടിവിസ്റ്റുകളായ ആനന്ദ് തെൽ‌തുംദെ, ഗൗതം നവ് ലാഖ എന്നിവരോട് ഏപ്രിൽ 14 ചൊവ്വാഴ്ച എൻ.ഐ.എ ക്ക് മുമ്പിൽ കീഴടങ്ങുവാനായിരുന്നു കൽപന.
കേസിന്റെ സ്വഭാവവും, സമ്പൂർണ്ണഅസംബന്ധവും ഭീകരവുമായ ഈ വ്യാജയിടവും, ആരെയും എവിടെവെച്ചും ചൂഷണം ചെയ്യാൻ പോലീസിന് വഴിയൊരുക്കുന്നു: ഹൈദരാബാദിലെ ഒരു പ്രൊഫസറുടെയും(ഡോ.കെ.സത്യനാരായണൻ) ദില്ലിയിലെ ഒരു പ്രൊഫസറുടെയും(ഹാനി ബാബു)  വീടുകളിൽ റെയ്ഡ് നടത്തുകയും  അവരുടെ കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കുകയും ചെയ്തു. ദുഖകരമെന്നു പറയട്ടെ, നാം ഇനിയും ഇപ്രകാരമനേകം പുതിയ കേസുകൾ കാണേണ്ടിയിരിക്കുന്നു.

എന്തുകൊണ്ടാണ് ആനന്ദ് തെൽ‌തുംദെ ഇത്രമേൽ നികൃഷ്ടമായി ഇരയാക്കപ്പെടുന്നത്? കൊറോണ വൈറസിനെത്തുടർന്ന് തടവുകാരെ മോചിപ്പിക്കാൻ സുപ്രീംകോടതി ആവശ്യപ്പെടുക പോലും ചെയ്യുന്നിടത്ത് ഗൗതം നവ് ലാഖയ്‌ക്കൊപ്പം അദ്ദേഹവും അഴിക്കുള്ളിലാകണമെന്ന് ഈ അധികാരപതികൾ നിശ്ചയിച്ചത് എന്തുകൊണ്ടാണ്?

തെൽ‌തുംദെ അംബേദ്‌കർ കുടുംബത്തിന്റെ മരുമകനാണ് എന്നതാണ് ഈ ടാർഗെറ്റിംഗിന് പിന്നിലെ മുഖ്യപ്രേരകമെന്ന് ബാബാസാഹേബ് അംബേദ്കറുടെ ചെറുമകനായ പ്രകാശ് അംബേദ്കർ ഇതിനകം തന്നെ ചൂണ്ടിക്കാണിക്കുകയുണ്ടായി. ബാബാസാഹേബിന്റെ പാരമ്പര്യത്തെ തകർക്കുകയെന്നതാണ് ബിജെപി-ആർ‌എസ്‌എസ് കക്ഷികളുടെയും സംഘപരിവാറെന്ന തീവ്രവലതുപക്ഷ സിരാകേന്ദ്രത്തിന്റേയും ഗൂഢതാത്പര്യം.  ആനന്ദ് തെൽ‌തുംദെ ഭീമ കൊറേഗാവ് പരിപാടിയിൽ സംബന്ധിക്കുകയോ സംഘാടകസംഘത്തിൽ ഭാഗവാക്കാക്കുകയോ ചെയ്തിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് അദ്ദേഹം മാത്രം ഈ ഭരണകൂടവേട്ടയ്ക്ക് ഇരയാക്കപ്പെടുന്നത്? അത് അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിനാലും വലതുപക്ഷ- നവലിബറൽ ഭരണത്തിന് അദ്ദേഹം കൽപിച്ച ഭ്രഷ്ടിനാലുമാണ്.

സാമൂഹികമായും സാമ്പത്തികമായും ഹിന്ദുത്വത്തിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകത നിരന്തരം ഉയർത്തികാട്ടിയ ബാബാസാഹേബിന്റെ അനുയായികളിൽ ഒരാളാണ് അദ്ദേഹം. ഒരു വശത്ത് സംഘപരിവാരിലെ ബ്രാഹ്മണിക-സാമൂഹികവിരുദ്ധ ജാതിസ്വഭാവം നഗ്നമാക്കിക്കാണിക്കവേ മറുവശത്ത് അദ്ദേഹം നവലിബറൽ ഹിന്ദുത്വത്തിന്റെ ജനവിരുദ്ധ സാമ്പത്തികനയങ്ങളെ ഇടതടവില്ലാതെ നിരന്തരം ആക്രമിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ സമീപകാല പ്രസിദ്ധീകരണങ്ങളിലൊന്ന് 'ജാതിയുടെ റിപ്പബ്ലിക്ക്: നവലിബറൽ ഹിന്ദുത്വകാലത്തെ സമത്വം പുനരാലോചിക്കുമ്പോൾ' എന്നതാണ്. ജാതിയുടേയും സ്റ്റേറ്റ്സോഷ്യലിസത്തിന്റെയും ഉന്മൂലനത്തിലൂടെ ഇന്ത്യയിൽ സാമൂഹികവും സാമ്പത്തികവുമായ ജനാധിപത്യം കൈവരിക്കാനുള്ള അംബേദ്കറുടെ സമൂലമായ കാഴ്ചപ്പാടിനെയാണ് അദ്ദേഹം ഉയർത്തിപ്പിടിക്കുന്നത്.
ബാബാസാഹേബ് അംബേദ്കറുടെ വ്യക്തമായ സോഷ്യലിസ്റ്റ് കാഴ്ചപ്പാട് തെൽ‌തുംബെ ചൂണ്ടിക്കാട്ടി:
“ രാജ്യത്ത് സാമൂഹികവും സാമ്പത്തികവുമായ നീതിയോ വ്യവസായത്തിന്റെയും ഭൂമിയുടെയും ദേശസാൽക്കരണമോ നിലവിലുണ്ടെങ്കിൽ പോലും, ഒരു സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയുടെ അസാന്നിധ്യത്തിൽ, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി കാംക്ഷിക്കുന്ന വരുംകാല സർക്കാരുകൾക്ക് ഇതെങ്ങനെ സാധ്യമാകുന്നുവെന്ന് എനിക്ക് മനസ്സിലാകുന്നില്ല, ഇവ്വിഷയമായി വ്യക്തതയുള്ള സങ്കേതികത്വത്തോടെയുള്ള ഒരു പ്രമേയം കേന്ദ്രം കൊണ്ടുവരണമെന്ന ഭാഷ്യക്കാരനാണ് ഞാൻ ”(ഡിസംബർ 17, 1946).

ഇതേ ലേഖനത്തിൽ, സോഷ്യലിസത്തിന്റെ വിജയത്തിനായി ജാതിവിരുദ്ധ വിപ്ലവത്തിന്റെ പ്രാധാന്യം ഊന്നിപ്പറയാൻ അദ്ദേഹം വീണ്ടും ബാബാസാഹേബിനെ ഉദ്ധരിക്കുന്നുണ്ട് :
“വിപ്ലവാനന്തരം തങ്ങൾ തുല്യമായി പരിഗണിക്കപ്പെടുമെന്നും ജാതി, മതവിവേചനങ്ങളൊന്നും ഉണ്ടാകില്ലെന്നുമറിഞ്ഞില്ലെങ്കിൽ പുരുഷന്മാർ സ്വത്ത്സമത്വത്തിനുള്ള  ഒരു വിപ്ലവത്തിൽ പങ്കുചേരില്ല. വിപ്ലവത്തിന് നേതൃത്വം നൽകുന്ന ഒരു സോഷ്യലിസ്റ്റിന്റെ, താൻ ജാതിയിൽ  വിശ്വസിക്കില്ലെന്ന ഉറപ്പ് മതിയാകില്ലിതിന്. മറിച്ച് ആ ഉറപ്പ് ആഴത്തിലുള്ള അടിത്തറയിൽ നിന്നും ജന്മമെടുക്കുന്നതാവണം,അതായത്, വ്യക്തിസമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ആത്മാവോടെയുള്ള  പൗരസമൂഹത്തിന്റെ പരസ്പരമാനസിക മനോഭാവമാണുണ്ടാകേണ്ടത്".

അതിന്പുറമേ, സോഷ്യലിസത്തോടൊപ്പം അദ്ദേഹത്തിന്റെ ഈ നടപടിക്രമവും ജാതി ഉന്മൂലനസിദ്ധാന്തവുമെല്ലാം ദലിത് പശ്ചാത്തലമുള്ള ഒരു പണ്ഡിതനിൽ നിന്നും ആവിഷ്കരിക്കപ്പെടുന്നുവെന്നതാണ് - ദളിത്ബഹുജനങ്ങളാകട്ടെ രാജ്യത്തെ ഭൂരിപക്ഷ തൊഴിലാളിവർഗ്ഗത്തെ രൂപപ്പെടുത്തുന്നവരുമാണ്. ഇതർത്ഥമാക്കുന്നത് ജാതിയെ വെല്ലുവിളിക്കുന്നത്, നിയന്ത്രണാതീതവും ചൂഷണപരവുമായ മുതലാളിത്തത്തിനെതിരായ ഏറ്റവും വലിയ യുദ്ധപ്രഖ്യാപനമാണെന്നാണ്.

ബാബാസാഹേബിന്റെ ഈ ജാതിവിരുദ്ധ സോഷ്യലിസത്തിന്റെ  സമൂലകാഴ്ചപ്പാട്, സമൂഹത്തിലെ ജാതി-വർഗ-ലിംഗ അസമത്വത്തിന്റെ അഭിവൃദ്ധി കാക്ഷിക്കുന്ന, ആർ‌എസ്‌എസ്-ബിജെപിയുടെ നവലിബറൽ ഹിന്ദുത്വത്തിന്റെ നേർവിരുദ്ധമാണ്. രാജ്യത്തിന്റെ ദാരുണാന്ത്യത്തിനായി സാമുദായിക ദ്രുവീകരണത്തിനും വിഭജനത്തിനുമുള്ള ഇവരുടെ ഏറ്റവും വലിയ ആയുധമാണ് മതന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള കരുനീക്കങ്ങൾ.

ഉത്ഭവകാലം മുതൽ തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ശിങ്കിടികളും മനുവാദിന്റെ വക്താക്കളുമായിരുന്നു ആർ.എസ്.എസ്. ബ്രിട്ടീഷ് അധിനിവേശശക്തികൾ ഇന്ത്യൻ വിഭവങ്ങളെയും ഭാരതജനതയെയും തന്നിഷ്ടത്തിനൊത്ത് ചൂഷണം ചെയ്തപ്പോൾ ആർ‌എസ്‌എസ് മേധാവി എം.എസ്.ഗോൾവാൾക്കർ ഇന്ത്യൻ സ്വാതന്ത്ര്യസമരം അതിന്റെ പാരമ്യത്തിലിരിക്കെ പ്രതിവചിച്ചതിങ്ങനെയാണ് “ഹൈന്ദവരേ, നിങ്ങൾ ബ്രിട്ടീഷുകാരോട് പോരടിച്ച് ഊർജ്ജം പാഴാക്കാതിരിക്കുക. നിങ്ങളുടെ ഊർജ്ജം മുസ്ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളുമടങ്ങുന്ന നമ്മുടെ ആഭ്യന്തര ശത്രുക്കൾക്കെതിരെ വിന്യസിക്കുക. ”

എന്നാൽ ഹൈന്ദവരുളുൾക്കൊള്ളുന്ന ദേശസ്നേഹികളായ ഭാരതീയർ ദേശവിരുദ്ധ ഹിന്ദുത്വത്തിന് ചെവികൊടുക്കാതെ സ്വാതന്ത്ര്യലബ്ദി വരേയ്ക്കും വെള്ളക്കാർക്കെതിരെ കൈമെയ് മറന്ന്  പോരാടുകയായിരുന്നു. മറ്റൊരിടത്ത്, മനുവിനെ പ്രശംസിച്ച് ഗോൾവാൾക്കർ എഴുതി,
“ഈ വസ്തുതയാണ് പ്രപഞ്ചത്തിലെ ഇദംപ്രഥമമായ, സമുന്നത നിയമദാതാവായ മനുവിനെ ലോകത്തിലെ സർവ്വജനതകളെയും അവരുടെ കർത്തവ്യങ്ങളഭ്യസിക്കാൻ "ആദിജാതരായ" ബ്രാഹ്മണരുടെ വിശുദ്ധ പാദങ്ങളിലണയാനുള്ള കൽപന തന്റെ ധർമ്മസംഹിതയിൽ ഉൾപ്പെടുത്താൻ പ്രേരിപ്പിച്ചത്. ”

എന്നാൽ, സംഘ്കേന്ദ്രങ്ങളുടെ ഏറ്റവും വലിയ തലവേദനയെന്നോണം “മതം, വംശം, ജാതി, ലിംഗം, ജനനസ്ഥലം എന്നീ നിലയങ്ങളിലെ വിവേചനനിരോധനം” ഇന്ത്യൻ ഭരണഘടനയുടെ 15ാം വകുപ്പ് വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു.

ആർ‌എസ്‌എസിന്റെയും ബിജെപിയുടെയും നവലിബറൽ ഹിന്ദുത്വത്തിനെതിരായ പുരോഗമന ബൗദ്ധികമതിലെന്ന പോലെ അനുവർത്തിക്കുന്ന അംബേദ്കറിസ്റ്റുകളുടെ സംഘത്തിൽ തെൽ‌തുംബെയും അണിചേരുന്നുണ്ട്. ജാതി വിവേചനവും വർഗ്ഗീയ അസമത്വവും പുരുഷാധിപത്യവും കലരുന്ന നികൃഷ്ടവും പിന്തിരിപ്പനുമായ ഒരു ഹിന്ദുത്വസംസ്കൃതിയിലേക്കുള്ള അവരുടെ തീർത്ഥാടനത്തിനായി ഈ പുരോഗമന ബൗദ്ധിക മതിലിൽ ചിദ്രതസ്ഥാപിക്കൽ ഈ ജനവിരുദ്ധ ആർ.എസ്.എസ് ഭരണത്തിന് അതിപ്രധാനമാണ്. നമ്മെ ഇരുണ്ട യുഗത്തിലേക്ക് വലിച്ചിഴക്കുന്ന ഈ കാലചക്രം ത്വരിതപ്പെടുത്തൽ അവർക്ക് മുഖ്യവുമാണ്. ഇതിനാലാണ്, അവർ മാവോയിസ്റ്റ്പ്രേരിത അക്രമത്തിന്റെ തിരക്കഥ മെനയുകയും ഭീമ കൊറേഗാവ് അക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഹിന്ദുത്വ പ്രവർത്തകരെ സംരക്ഷിച്ച് അംബേദ്‌കറിസ്റ്റുകളുടെ നേതൃത്വത്തിലുള്ള എൽഗാർ പരിഷത്തിനെ വ്യാജമായി പ്രതിചേർക്കുകയും ചെയ്യുന്നത്.

ഒടുവിൽ സത്യം വിജയിക്കുമെന്നുറപ്പാണ്. അതിനാൽതന്നെ, രാജ്യസ്നേഹികളായ  സകലഭാരതീയരും മോഡി-ഷാ നയിക്കുന്ന കേന്ദ്രസർക്കാർ സ്വാധീനങ്ങളുപയോഗപ്പെടുത്തി, പുരോഗമനവാദികളും സമത്വവാദികളുമായ തെൽതുംബയെ പോലുള്ള അംബേദ്കറിസ്റ്റ് ബുദ്ധിജീവികളെ  അപകീർത്തിപ്പെടുത്തുവാനുള്ള സംഘ്‌പരിവാറിന്റെ ഈ നികൃഷ്ടശ്രമത്തെ ചെറുത്തുതോൽപിക്കൽ അതിപ്രധാനമാണ്.

അംബേദ്കർ ജയന്തിദിനത്തിലെ അദ്ദേഹത്തിന്റെ ആസൂത്രിത അറസ്റ്റ് നമ്മുടെ രാജ്യത്തിന് തീരാകളങ്കമാണ്. അദ്ദേഹത്തെയും ഭീമ കൊറെഗോവ് കേസിൽ അഴിക്കുള്ളിലയക്കപ്പെട്ട ആക്ടിവിസ്റ്റുകളും ചിന്തകരും അഭിഭാഷകരുമടങ്ങുന്ന സകലരെയും അടിയന്തിരമായി മോചിപ്പിക്കണമെന്ന് ഞങ്ങളുന്നയിക്കുകയാണ്.

(കടപ്പാട്: ദ് വയർ)

No comments

Theme images by mammuth. Powered by Blogger.