നമ്മൾ ഹൃദയത്തിന്റെ കവാടങ്ങളടക്കരുത്

〡മുഹമ്മദ് തശ്‌രീഫ്‌ പന്തല്ലൂർ〡

ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ എണ്ണപ്പാടങ്ങളിലേക്ക് പ്രതീക്ഷയുടെ ചിറകേറിപ്പറന്നവർ... പ്രിയതമയേയും വാപ്പച്ചീ എന്നു വിളിച്ച് കൈവിരലിൽ തൂങ്ങിപ്പിടിക്കുന്ന പിഞ്ചോമനകളെയും തനിച്ചാക്കി കടൽ കടന്നവർ... കേരളത്തിന്റെ സാമ്പത്തിക-വിദ്യാഭ്യാസ വളർച്ചക്കായി ചുടു കാറ്റിലും മണൽ പരപ്പിലും വിയർപ്പൊഴുക്കിയവർ… നമ്മുടെ പ്രവാസികൾ.

അന്യനാട്ടിൽ ജീവിക്കാൻ സാധിക്കാത്ത കൊറോണ കാലം. നമ്മൾ അവർക്ക് മുന്നിൽ കതകുകൾ അടച്ചിട്ടു….അവരുടെ വിവരങ്ങളറിയാൻ മാത്രം നമ്മുടെ ഫോൺ സ്ക്രീനുകൾ തെളിഞ്ഞില്ല... പ്രവാസികൾ കൊറോണകൾ… ഓർക്കണം, തിരിച്ചറിയണം നമ്മുടെ ഓരോ ഇരിപ്പിനും എടുപ്പിനും പ്രവാസിയുടെ രക്തത്തിന്റെയും വിയർപ്പിന്റെയും സുഗന്ധമുണ്ടെന്ന്…

ഓർക്കുക, നമ്മെപ്പോലെ അവരും നാടും വീടും സൗഹൃദവലയങ്ങളുമുള്ളവർ. ആഗ്രഹങ്ങളില്ലാത്തതു കൊണ്ട് കടൽ കടന്ന് പോയതല്ല. ജീവിതത് സാഫല്യത്തിനായി പ്രയാസങ്ങൾക്കും പ്രാരാബ്ധങ്ങൾക്കും മുന്നിൽ തോൽക്കാതെ എന്റെ കുടുംബം, എന്റെ നാട് എന്ന സ്വപ്നത്തിലേറി മരുഭൂമണൽക്കാട് കടന്നവർ. ഇനിയും നമ്മൾ കതകുകൾ തുറന്നില്ലേ…. നമ്മുടെ പ്രവാസികൾ കാത്തിരിക്കുന്നു… തുറക്കൂ... സോദരേ... നമ്മുടെ ഹൃദയത്തിന് കവാടങ്ങൾ…

ആഗോള ചരിത്രത്തിൽ നിന്നു വഴുതിപ്പോകുമായിരുന്ന കേരളത്തെ തടുത്ത് നിർത്തിയത് പ്രവാസത്തിന്റെ വിയർപ്പ് കലർന്ന മണൽ കൂനകളും  കടലോളം പരന്ന് കിടക്കുന്ന ആ സ്നേഹ ഹൃദയങ്ങളുമാണെന്ന് മറക്കരുത്. പ്രവാസിയുടെ നെറ്റിയിൽ നിന്നുതിർന്നു വീണ വിയർപ്പുകണങ്ങളുടെ കൂടി ചിത്രമാണ് നവകേരളം എന്നോർക്കുക. മലയാള മണ്ണിനെ മറ്റേതു സംസ്ഥാനങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നതിലും പ്രവാസികളുടെ കാൽചുവടുകളും വിയർപ്പൊട്ടിയ മായാത്ത മുദ്രകളുണ്ട്.

പ്രവാസ ജീവിതത്തിന് പ്രയാസങ്ങളുടെ  ലോക്കിടുന്ന സ്വദേശിവത്കരണം തുടരുന്നതിനിടയിലാണ് കൊറോണ സംഹാര താണ്ഡവമാടിയെത്തുന്നത്. ഹൃദയത്തിന്റെ ജനലുകളിലൂടെ നോക്കൂ... അവർക്കായ് മനസ്സിലൊരിടം പണിതു വെക്കാം... പ്രവാസികൾ, എന്റെ പ്രവാസികൾ, എന്റെ നാടിന്റെ മക്കൾ പ്രവാസികൾ.

mhdtheshreef@gmail.com  

No comments

Theme images by mammuth. Powered by Blogger.