പറുദീസാ കവാടങ്ങളടയുമ്പോൾ…

〡തശ്‌രീഫ്‌ കിടങ്ങയം〡

ലോകത്തെ ഏറ്റവും തലയെടുപ്പുള്ള മുസ്ലിം ധിഷണാശാലികളിലൊരാളായ സിയാവുദ്ദീൻ സർദാർ ലണ്ടനിൽ വിദ്യാർത്ഥിയായിരിക്കെ നടത്തിയ യാത്രാനുഭവങ്ങളുടെ പൂർണ്ണ രൂപമാണ് 'സ്വർഗം തേടി' എന്ന കൃതി. 1970 കളിൽ ഇസ്ലാമിൻ്റെ നിഗൂഢമായ പല ശാഖകളും തേടി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രയാരംഭിക്കുന്ന സിയാവുദ്ദീൻ സർദാർ ഇസ്ലാം അന്വേഷകർക്കും പഠിതാക്കൾക്കും എന്നും പുതിയ ഭാവനകളും അനുഭവങ്ങളും സമ്മാനിച്ചിട്ടുണ്ട്.

സിയാവുദ്ദീൻ സർദാർ തൻ്റെ ആത്മകഥയിൽ പ്രതിപാദിക്കുന്ന ഇറാൻ, തുർക്കി, ചൈന, പാക്കിസ്ഥാൻ തുടങ്ങിയ രാഷ്ട്രങ്ങളിൽ നിന്നുള്ള ഇസ്ലാമിക കാഴ്ചപ്പാടുകളുടെ വൈജാത്യവും സാംസ്കാരത്തിൻ്റെ വൈരുദ്ധ്യ ഭാവങ്ങളും പൂർണ്ണമായി ഉൾപ്പെടുത്തുന്നുണ്ട് ഈ കൃതിയിൽ. മുസ്‌ലിം ബ്രദർഹുഡിലൂടെയും തബ്ലീഗ് ജമാഅത്തിലൂടെയും ഇസ്ലാമിൻ്റെ വ്യത്യസ്ത ചിന്താധാരകൾ മനസ്സിലാക്കുകയും പതിയെ അവരിൽ നിന്നും പിന്മാറുന്നതും ആത്മകഥയിൽ കാണാം.
       
പാകിസ്ഥാനിലെ ഒരു മുസ്ലിം പഠനശാലയിൽ നിന്നും പ്രവാചക സുന്നത്തിനെ അവഹേളിക്കുന്ന ഭാഷണങ്ങളും ചിലതിനെ അംഗീകരിക്കുന്ന സംസാരങ്ങളും സിയാവുദ്ദീൻ സർദാറിനെ ലിബറൽ ചിന്തകൻ എന്ന ലേബലിൽ അടയാളപ്പെടുത്തുന്നവരുണ്ട്. പറുദീസാ ദാഹം  പലപ്പോഴും അദ്ദേഹത്തിന് സങ്കുചിതവും സങ്കീർണവുമായിരുന്നു. ഇറാൻ യാത്രയിൽ അനുഭവിച്ച പീഢന കഥകളെ തന്റെ വരികളിലൂടെ അദ്ദേഹം ജനഹൃദയങ്ങളിലേക്കെത്തിക്കുന്നുണ്ട്. തുടർന്ന്, ബർസാഗാറുമായുള്ള സംഭാഷണവും ഒരു മുസ്ലിമിന് നൽകാവുന്ന  പുതിയ ആശയങ്ങൾ സമ്മാനിക്കുന്നു.

തുർക്കിയിലൂടെ സഞ്ചാരപഥം കടന്നു പോവുമ്പോൾ  അത്യധികം പറയാനുള്ളത് അത്താതുർക്കിനെക്കുറിച്ചാണ്. തുർക്കിയുടെ സംസ്കാരിക സാമൂഹിക  മാറ്റങ്ങൾക്ക് അടിത്തറ പാകിയത് അത്താതുർക്കാണെന്ന അദ്ദേഹത്തിൻ്റെ ഒരു സുഹൃത്ത്  സർദാറിനോട് പറഞ്ഞതായും ഓർക്കുന്നു. ഇസ്‌ലാമിൻ്റെ വ്യത്യസ്ത ആദർശങ്ങളും ആശയങ്ങളും മനസ്സിലാക്കിയ സിയാവുദ്ദീൻ സർദാർ 12 -ാം നൂറ്റാണ്ടിലെ യുക്തിവാദിയായി തെറ്റിദ്ധരിക്കപ്പെട്ട ഇബ്നു റുഷ്ദിൻ്റെ ഇസ്ലാമിനെ പരിഹാസ്യമായി ചിത്രീകരിക്കുന്ന 'സാത്താനിക് വേഴ്സസ് ' എന്ന കൃതിക്കെതിരെ മറുപടിയെഴുത്ത് പൂർത്തിയാവുമ്പോൾ പ്രസിദ്ധീകരിക്കാൻ സാധിക്കാത്തത് സർദാറിനെ പരിഭവപ്പെടുത്തുന്നു.

സുന്നി, ഷിയാ, തബ്ലീഗ് തുടങ്ങിയ വിഭാഗങ്ങളെയും ആശയങ്ങളും മനസ്സിലാക്കിയ സിയാവുദ്ദീൻ സർദാർ ഒടുവിൽ പറുദീസാ കവാടങ്ങളിൽ എത്തിച്ചേരാനാവാതെ നിരാശയോടെയുള്ള മടക്കമാണ് ആത്മകഥയുടെ അവസാന താളുകളിൽ. ഇസ്ലാമിക നാഗരികത, സാംസ്കാരം, സാഹിത്യം, ഭക്ഷണ രീതി, കല തുടങ്ങിയവ പൂർണമായും സിയാവുദ്ദീൻ സർദാർ തൻ്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. ഇസ്ലാമിനെതിരെ വിമർശിക്കുകയും പരിഹാസ്യമായി ചിത്രീകരിക്കുകയും നിസ്സാരവത്കരിക്കുകയും ചെയ്യുന്ന ഒരു കൂട്ടം വിഭാഗങ്ങൾക്കുള്ള  മറുപടിക്കത്തു കൂടിയാണ് ഈ പുസ്തകം.

പുസ്തകത്തിൻ്റെ പുറം താളിൽ  മലയാളിയുടെ സുപരിചിത എഴുത്തുകാരൻ അജയ് പി മങ്ങാട്ട് കുറിച്ചു വെച്ച "ധൈഷണിക ജിജ്ഞാസ സൃഷ്ടിക്കുന്ന ഈ പുസ്തകം മലയാളിക്ക് പുതുവഴികളും പ്രതീക്ഷകളും നൽകുന്നു" എന്ന വാക്യം തീർത്തും  യാഥാർത്ഥ്യമാണെന്ന് ഓരോ വായനക്കാരനും  തിരിച്ചറിയാം.

mhdtheshreef@gmail.com

No comments

Theme images by mammuth. Powered by Blogger.